X

യു.പിയില്‍ മുസ്‌ലിം വിദ്യാര്‍ഥിയെക്കൊണ്ട് ഹിന്ദു സഹപാഠിയെ തല്ലിച്ചു; അധ്യാപിക അറസ്റ്റില്‍

ഉത്തര്‍പ്രദേശിൽ മുസ്‍ലിം വിദ്യാര്‍ഥിയെക്കൊണ്ട് ഹിന്ദു സഹപാഠിയെ തല്ലിച്ച സംഭവത്തില്‍ സ്കൂൾ അധ്യാപിക അറസ്റ്റില്‍. ദുഗാവാര്‍ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക ഷെെസ്തയാണ് അറസ്റ്റിലായത്. 5ാം  ക്ലാസ് വിദ്യാർഥിയോട് അധ്യാപിക ചില ചോദ്യങ്ങൾ ചോ​ദിച്ചു.

ചോദ്യത്തിന് ഉത്തരം നൽകാൻ കുട്ടിക്ക് കഴിയാതെ വന്നതോടെ, ഒരു മുസ്‍ലിം വിദ്യാർഥിയോട് കുട്ടിയെ തല്ലാൻ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.

സംഭവത്തെ തുടർന്ന് തല്ലുകൊണ്ട വിദ്യാർഥി വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും വീട്ടിൽ ഒതുങ്ങി കഴിയുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പിതാവ് ചോദിച്ചതിനെത്തുടർന്നാണ് കുട്ടി തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത്. ഇതോടെ അധ്യാപികയ്ക്കെതിരെ സെപ്റ്റംബർ 27 ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പരിക്കേല്പിച്ചതിനും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ശ്രിഷ് ചന്ദ്ര പറഞ്ഞു. അധ്യാപികയുടെ നിർദേശപ്രകാരം മുസ്‍ലിം വിദ്യാർഥി തല്ലിയതോടെ മകന്റെ മതവികാരത്തിന് മുറിവേറ്റുവെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. അന്വേഷണത്തെത്തുടർന്ന്, സെപ്തംബർ 28 ന് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയും സ്കൂൾ അധികൃതർ അവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

webdesk13: