ന്യൂഡല്‍ഹി: ഹിന്ദി, ഉര്‍ദു, പഞ്ചാബി ഭാഷകളേയും സംസ്‌കാരത്തേയും സാഹിത്യത്തില്‍ സമജ്ജസമായി സമ്മേളിപ്പിച്ച എഴുത്തുകാരി കൃഷ്ണ സോബ്ദിക്ക് 2017ലെ ജ്ഞാനപീഠ പുരസ്‌കാരം. വിഖ്യാത സാഹിത്യകാരനും നിരൂപകനുമായ നംവര്‍ സിങിന്റെ അധ്യക്ഷതയിലുള്ള ജ്ഞാനപീഠ പുരസ്‌കാര നിര്‍ണയ സമിതിയാണ് 92കാരിയായ കൃഷ്ണ സോബ്ദിയെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഹിന്ദി സാഹിത്യത്തെ സമ്പുഷ്ടമാക്കുകയും ആര്‍ജ്ജവമുള്ള ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിക്കുകയും ചെയ്ത എഴുത്തുകാരിയാണ് കൃഷ്ണ സോബ്ദിയെന്ന് പുരസ്‌കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. നംവര്‍ സിങിനു പുറമെ ഗിരീശ്വര്‍ മിശ്ര, ഷമീം ഹന്‍ഫി, ഹരീഷ് ത്രിവേദി, സുരഞ്ജന്‍ ദാസ്, രമാകാന്ത് രാത്, ചന്ദ്രകാന്ത് പാട്ടീല്‍, അലോക് റായ്, സി രാധാകൃഷ്ണന്‍, മധിസൂദന്‍ ആനന്ദ്, ലിലാധര്‍ മണ്ട്‌ലോയ് തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് പുരസ്‌കാര നിര്‍ണ സമിതി.
പരമ്പരാഗത രീതികളെ ഖണ്ഡിച്ച എഴുത്തുകാരി എന്ന നിലയിലാണ് കൃഷ്ണ സോബ്ദി ഹിന്ദി സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. 1925ല്‍, ഇന്നത്തെ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഗുജ്‌റാത്തിലായിരുന്നു ജനനം. ഡല്‍ഹിയിലെ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യത്തില്‍ മികവു തെളിയിച്ചു. വിശാലമായ ക്യാന്‍വാസ് ആയിരുന്നു സോബ്ദിയുടെ കൃതികളുടെ പ്രത്യേകത. ഇന്ത്യാ -പാക് വിഭജനവും സ്ത്രീ – പുരുഷ ബന്ധവും ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ പരിവര്‍ത്തനങ്ങളും മാനവിക മൂല്യങ്ങളുമെല്ലാം എഴുത്തിന് പശ്ചാത്തലമായി.
ദാര്‍ സെ ബിച്ചുഡി, മിത്രോ മര്‍ജാനി, സിന്ദഗിനാമ, ദില്‍ ഒ ഡാനിഷ്, ബദലോം കെ ഗേരേ, എ ലഡ്കി, ഗുജ്‌റാത്ത് പാകിസ്താന്‍ സേ ഗുജ്‌റാത്ത് ഹിന്ദുസ്താന്‍ തുടങ്ങിയവ കൃഷ്ണസോബ്ദിയുടെ ശ്രദ്ധേയമായ കൃതികളാണ്. പല കൃതികളും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും സ്വീഡിഷ്, റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി അക്കാദമി അവാര്‍ഡ്, ഷിരോമണ്‍ അവാര്‍ഡ്, മൈതില്‍ ശരണ്‍ ഗുപ്ത സമ്മാന്‍, സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, പത്മഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.