X
    Categories: filmNews

പുഷ്പ 2 സിനിമയുടെ ഹിന്ദി പതിപ്പ് യൂട്യൂബിൽ; ഇതിനോടകം 26 ലക്ഷത്തിലധികം പേരാണ് ചിത്രം കണ്ടത്

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അപ്ലോഡ് ചെയ്ത് എട്ട്‌ മണിക്കൂറിനുള്ളില്‍ 26 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേജിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്.

സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു. ഇതിനുശേഷം ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം നടന്നടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് വ്യാജ പതിപ്പ് യൂട്യൂബില്‍ എത്തിയതെന്നത് ശ്രദ്ധേയമാണ്.

ലോകമെമ്പാടുമുള്ള 12,500-ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

‘പുഷ്പ’യുടെ ആദ്യ ഭാഗം ആഗോള തലത്തില്‍ 350 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. എന്നാല്‍ ‘പുഷ്പ 2’ ഈ തുക രണ്ട് ദിവസം കൊണ്ട് മറികടന്നു എന്നത് സിനിമ ലോകത്തെ ഞെട്ടിച്ചു. സിനിമ അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ‘പുഷ്പ 2’ ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്നും ചിത്രത്തിന്റെ വന്‍ വിജയം ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

webdesk13: