X

കേന്ദ്രത്തിന്റെ ഹിന്ദി കത്തിന് ഒഡിയ ഭാഷയില്‍ മറുപടി അയച്ച് ബിജു ജനതാദള്‍ എംപി

ന്യൂഡല്‍ഹി: ഹിന്ദിയില്‍ അയച്ച കത്തിന് ഒഡിയ ഭാഷയില്‍ മറുപടി തിരിച്ചയച്ച് ഒഡിഷ എംപി തഥാഗത സത്പതി. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് അയച്ച കത്തിനാണ് തഥാഗത് മറുപടി നല്‍കിയത്.

സത്പതി ഒഡിയയില്‍ ‘താങ്കളുടെ ഹിന്ദിയുലുള്ള കത്ത് എനിക്ക് മനസ്സിലാകുന്നില്ല’ എന്ന് വ്യക്തമാക്കിയാണ് മറുപടി കത്ത് നല്‍കിയിട്ടുള്ളത്. 11-08-2017 ന് താങ്കളയച്ച കത്ത് എനിക്ക് ലഭിച്ചു. താങ്കള്‍ അതില്‍ ഹിന്ദിയില്‍ ആണ് എഴുതിയിട്ടുള്ളത് എന്നതിനാല്‍ കത്തിന്റെ ഉളളടക്കം എനിക്ക് മനസ്സിലായിട്ടില്ലെന്ന് താങ്കളെ അറിയിക്കുന്നു.

 

ഞങ്ങളുടെ ഭാഷയായ ഒഡിയയിലോ അല്ലങ്കില്‍ ഇംഗ്ലീഷിലോ അയക്കണം. എന്തിനാണ് ഹിന്ദി സംസാരിക്കാത്തവരില്‍ അത് അടിച്ചേല്‍പ്പിക്കുന്നതെന്നും എംപി കത്തില്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ ഹിന്ദിയില്‍ മാത്രം നല്‍കുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഒഡിഷ എംപിയുടെ വ്യത്യസ്തമായ പ്രതിരോധം.

കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ അടുത്ത കാലത്തായി ഹിന്ദിയിലാണ് നല്‍കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്നും ഹിന്ദി പ്രചാരമല്ലാത്ത സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പിക്കരുതെന്നും ആവശ്യപ്പെട്ട് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു.

 

സര്‍ക്കാര്‍ നീക്കം ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടിയ തഥാഗത സത്പതിയോടൊപ്പം കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലും ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രനും രംഗത്തെത്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അറിയിപ്പുകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭിക്കാറുണ്ടായിരുന്നെന്ന് എംപിമാര്‍ പറഞ്ഞു. ഭക്ഷണവിലക്കിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പിന്നാലെ ഭാഷയും അടിച്ചേല്‍പിക്കാനുള്ള നീക്കം ചെറുക്കുമെന്നും ഹിന്ദിയിതര മേഖലകളിലെ എംപിമാരുടെ അവകാശങ്ങളുടെ ലംഘനമാണിതെന്നും പ്രധാനമന്ത്രിക്കും ലോക്‌സഭാസ്പീക്കര്‍ക്കും എഴുതിയ കത്തില്‍ കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

chandrika: