X

ഹിന്ദി ഉച്ചരിക്കാന്‍ പ്രയാസം; ക്രിമിനല്‍ നിയമങ്ങളുടെ പേരുമാറ്റത്തിനെതിരെ ഡി.എം.കെ

രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കുന്നതിനെതിരെ തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെ. ക്രിമിനല്‍ നിയമങ്ങള്‍ അപ്പാടെ പൊളിച്ചെഴുതുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു.

1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1898ലെ ക്രിമിനല്‍ നടപടി ക്രമം (ഭേദഗതി 1972), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ കാതലായ നിയമത്തിന് പകരം ‘ഭാരതീയ ന്യായസംഹിത’ ബില്‍ 2023’ഉം 1973ലെ ക്രിമിനല്‍ നടപടി ക്രമത്തിന് പകരം ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’ ബില്‍2023’ഉം 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ‘ഭാരതീയ സാക്ഷ്യ’ ബില്‍2023’ഉം ആണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

3 ബില്ലുകള്‍ ഹിന്ദിയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയൊട്ടാകെ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡി.എം.കെ എം.പി വില്‍സണ്‍ ആരോപിച്ചു. ‘മൂന്ന് ബില്ലുകളുടെയും പേരുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നു. നിര്‍ബന്ധിത ഹിന്ദി നടപ്പാക്കാരുത്, അത് അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്’ വില്‍സണ്‍ പ്രതികരിച്ചു.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയില്‍ വ്യത്യസ്ത ഭാഷകള്‍ ഉള്ളതിനാല്‍ ഇംഗ്ലീഷ് ഒരു പൊതു ഭാഷയാണ്. മൂന്ന് ബില്ലുകളും ഹിന്ദിയിലാണ്, അതിനാല്‍ ഇത് ഏത് ബില്ലാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. ആ പേരുകള്‍ ഉച്ചരിക്കാന്‍ പ്രയാസമാണ്. ഇത് ഇന്ത്യയിലുടനീളം ഹിന്ദി അടിച്ചേല്‍പിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലുകള്‍ കൂടുതല്‍ ചര്‍ച്ചക്കായി പാര്‍ലമെന്റിന്റെ ആഭ്യന്തര മന്ത്രാലയ സ്ഥിര സമിതിക്ക് വിട്ടിരുന്നു. 4 വര്‍ഷം നീണ്ട പ്രക്രിയയില്‍, 158 കൂടിയാലോചനകള്‍ക്കൊടുവിലാണ് ക്രിമിനല്‍ നിയമങ്ങളുടെ പൊളിച്ചെഴുത്ത്.

webdesk13: