ന്യൂഡല്‍ഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിസംബര്‍ 18നായിരിക്കും വോട്ടെണ്ണല്‍. ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 18ന് മുമ്പ് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജനവിധി എന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത് ഉള്‍പ്പെടുന്നതിനാലും ഈ ജനവിധിക്ക് സവിശേഷ പ്രസക്തിയുണ്ട്. നോട്ടുനിരോധനവും ധൃതിപ്പെട്ട് ജി.എസ്.ടി നടപ്പാക്കിയതും കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് രണ്ട് സംസ്ഥാനങ്ങള്‍ ബൂത്തിലെത്തുന്നത്. ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ ശക്തികളായ ബി.ജെ.പിയും കോണ്‍ഗ്രസുമാണ് ഇരു സംസ്ഥാനങ്ങളിലും നേര്‍ക്കുനേര്‍ വരുന്നത്. അതുകൊണ്ടുതന്നെ പൊതുതെരഞ്ഞെടുപ്പിനോളം തന്നെ ആവേശം ഈ തെരഞ്ഞെടുപ്പുകള്‍ക്ക് കൈവരും. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 46 ദിവസത്തിനകം വോട്ടെടുപ്പ് നടത്തണമെന്ന ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇപ്പോള്‍ പ്രഖ്യാപിക്കാത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലം ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് വോട്ടെണ്ണല്‍ ഡിസംബര്‍ 18ലേക്ക് നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഓം പ്രകാശ് റാവത്, സുനില്‍ അറോറ എന്നിവരും സംബന്ധിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കൊപ്പം മുഴുവന്‍ കേന്ദ്രങ്ങളിലും വിവിപാറ്റ് മെഷീനുകളും ഉപയോഗിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
20,000 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 49.05 ലക്ഷം വോട്ടര്‍മാരാണ് ഹിമാചല്‍ പ്രദേശില്‍ ആകെയുള്ളത്. 7521 പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുക. വനിതകളുടെ കൈകാര്യത്തിലുള്ള 136 ബൂത്തുകളും ഇതില്‍ ഉള്‍പ്പെടും. അംഗപരിമിതര്‍ക്ക് വോട്ടു ചെയ്യാന്‍ 200 വീല്‍ചെയറുകള്‍ ഒരുക്കും. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന പരമാവധി തുക 25 ലക്ഷം രൂപയായിരിക്കും. ലുധിനിയാനാ ഉപതെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച ആര്‍ഒനെറ്റ് സംവിധാനവും ഇത്തവണ വിനിയോഗിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അപ്പപ്പോള്‍ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനുള്ള വെബ് അടിസ്ഥാനമാക്കിയുള്ള നെറ്റ്‌വര്‍ക്ക് ആണ് ആര്‍ഒനെറ്റ്.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് വോട്ട് ഓണ്‍ലൈന്‍ സഹായത്തോടെ ചെയ്യാനുള്ള സൗകര്യവും ഒരുക്കും. എന്‍ക്രിപ്റ്റഡ് രീതിയിലുള്ള ബാലറ്റ് ഓണ്‍ലൈന്‍ ആയി അയച്ചുനല്‍കുകയും ഇവ ഡീക്രിപ്റ്റ് ചെയ്ത് പ്രിന്റെടുത്ത ശേഷം വോട്ടുരേഖപ്പെടുത്തി പോസ്റ്റല്‍ വഴി തിരിച്ചയക്കുന്നതുമാണ് സംവിധാനം.
2018 ജനുവരി ഏഴിനാണ് നിലവിലെ ഹിമാചല്‍ അസംബ്ലിയുടെ കാലാവധി തീരുന്നത്. മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഈ മാസം 23 ആണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. സൂക്ഷ്മ പരിശോധന 24ന് നടക്കും. 26 ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള സമയ പരിധി. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും മാറി മാറി തുണച്ച ഹിമാചല്‍ ഇത്തവണ ആര്‍ക്കൊപ്പമാകുമെന്നാണ് ഉറ്റുനോക്കുന്നത്.