നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്ന് സര്‍വ്വേഫലം. 52സീറ്റുകളുമായി ബി.ജെ.പിക്ക് മികച്ചവിജയം നേടാനാകുമെന്നാണ് സീ വോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം പറയുന്നത്. നിലവില്‍ ബി.ജെ.പിക്ക് 26ഉം, കോണ്‍ഗ്രസ്സിന് 21സീറ്റുകളുമാണ് ഉള്ളത്. മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരെയുള്ള അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസ്സിന് തിരിച്ചടിയാവുമെന്ന് കണക്കാക്കുന്നത്.
1267 വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 11.8 ശതമാനം വോട്ട് വ്യത്യാസത്തോടെ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസിന്റെ വോട്ടില്‍ 5 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുമെന്നും ഫലം പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 55 ശതമാനം പേരും ഭരണമാറ്റം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. നിലവില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണവും കോണ്‍ഗ്രസ്സിന് തിരിച്ചടിയാവുമെന്നാണ് സര്‍വ്വേഫലം സൂചിപ്പിക്കുന്നത്. 26 സീറ്റില്‍ നിന്ന് ബിജെപി 52 സീറ്റിലേക്ക് ഉയരുമെന്നും 21 സിറ്റിങ് സീറ്റുകള്‍ നഷ്ടമായി കോണ്‍ഗ്രസ് 15 സീറ്റിലേക്ക് ചുരുങ്ങും. ഒരു സീറ്റ് മറ്റു കക്ഷികള്‍ നേടുമെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു. അതേസമയം, 42 ശതമാനത്തോളം പേര്‍ കോണ്‍ഗ്രസ് ഭരണത്തെ അനുകൂലിക്കുന്നുമുണ്ട്. അതേസമയം, പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും. മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രേംകുമാര്‍ ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പിയും പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യമാണ് അറിയിച്ചത്. നവംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടേയും സാന്നിധ്യമാണ് ബി.ജെ.പി ക്യാമ്പിന് വലിയ ഊര്‍ജ്ജം നല്‍കിയത്. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍. 1977 മുതല്‍ കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാറുകള്‍ മാറി മാറി വരുന്ന പാരമ്പര്യമാണ് ഹിമാചല്‍ പ്രദേശിന്റേത്. 1985ലെ ഇടക്കാല തെരഞ്ഞെടുപ്പ് മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. 1982ലും 1985ലും കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. ഭരണവിരുദ്ധ വികാരം ജനവിധിയെ സ്വാധീനിച്ചാല്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമെന്ന സാധ്യത മുന്നില്‍ കണ്ട് മോദി ഹിമാചല്‍ പ്രചാരണങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. തൊട്ടു പിന്നാലെ വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഗുജറാത്തില്‍ തിരിച്ചടി നേരിട്ടാലും ഹിമാചല്‍ തെരഞ്ഞെടുപ്പ് വിജയം ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.