ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രാജ്യത്തിന്റെ രാഷ്ട്രീയ ശ്രദ്ധ ഹിമാചല്‍ പ്രദേശിലേക്ക്. ദേശീയ രാഷ്ട്രീയത്തിലെ രണ്ട് വന്‍ശക്തികള്‍ മുഖാമുഖം വരുന്നുവെന്നതാണ് ഹിമാചല്‍ പ്രദേശിലേയും തുടര്‍ന്ന് നടക്കാനിരിക്കുന്ന ഗുജറാത്തിലേയും തെരഞ്ഞെടുപ്പുകളെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുന്നത്.
ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെതന്നെ പ്രഖ്യാപിക്കാനും കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് ക്യാമ്പ്. അതേസമയം പാര്‍ട്ടിക്കുള്ളിലെ ഭിന്നത ബി.ജെ.പിക്ക് വെല്ലുവിളിയാവുകയാണ്. ആറുതവണ സംസ്ഥാന മുഖ്യമന്ത്രിയായ വീര്‍ഭദ്ര സിങ് തന്നെ പാര്‍ട്ടിയെ വീണ്ടും നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ ഹിമാചല്‍ സന്ദര്‍ശനത്തിനിടെയാണ് വീര്‍ഭദ്ര സിങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
68 അംഗ നിയമസഭയില്‍ 35 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 36ഉം ബി.ജെ.പിക്ക് 27ഉം അംഗങ്ങളാണുള്ളത്. അഞ്ച് സ്വതന്ത്ര അംഗങ്ങളുമുണ്ട്. കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയേയും കോണ്‍ഗ്രിനേയും മാറി മാറി പിന്തുണച്ച പാരമ്പര്യമാണ് സംസ്ഥാനത്തിന്റേത്. ഇതാണ് ബി.ജെ.പിയുടെ ഏക പ്രതീക്ഷ. ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. അതേസമയം നേതൃപോരാണ് ബി.ജെ.പിയെ വലയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ലെന്ന് മാത്രമല്ല, പാര്‍ട്ടി ഇക്കാര്യത്തില്‍ രണ്ടു ഗ്രൂപ്പാണെന്നാണ് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഒരു ബി.ജെ.പി നേതാവ് പ്രതികരിച്ചത്.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പ്രേംകുമാര്‍ ധുമല്‍ ആണ് ഒരു ഭാഗത്ത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയാണ് മറുപക്ഷത്ത്. ഇരു വിഭാഗവും തുല്യ ശക്തികളായതിനാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്നും സൂചനയു ണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിയെ വീര്‍ഭദ്ര സിങ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാല് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു വിജയം. ഇത് തന്റെ പ്രവര്‍ത്തന നേട്ടമാണെന്നാണ് നദ്ദയുടെ അവകാശവാദം. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രഡിറ്റ് അവകാശപ്പെട്ട് ധുമലും രംഗത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരെ നേതാവായി പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ആകെ ആശയക്കുഴപ്പത്തിലാണെന്ന് മുന്‍ മന്ത്രി കൂടിയായ ബി.ജെ.പി നേതാവ് പറയുന്നു. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാരോപിച്ച് വീര്‍ഭദ്ര സിങിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം കോണ്‍ഗ്രസിന് വെല്ലുവിളിയാണ്.
ഇത് കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലായാണ് പാര്‍ട്ടി വിശേഷിപ്പിക്കുന്നത്. വീര്‍ഭദ്ര സിങിനെ അകറ്റി നിര്‍ത്തിയാല്‍ പരോക്ഷമായി കേന്ദ്ര സര്‍ക്കാര്‍ ആരോപണം ശരിവെക്കലാകും എന്നതിനാലാണ് അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നാണ് വിവരം. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വീര്‍ഭദ്ര സിങിന് തുണയാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.