ഷിംല: കോണ്‍ഗ്രസ് ചിതലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ശക്തമായ മറുപടി. ഹിമാചലില്‍ വന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മോദി ഗുജറാത്തിനെ ഹിമാചലുമായി താരതമ്യം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മോദിജിയുടെ തന്നെ നിതി അയോഗിന്റെ കണക്കുകള്‍ എടുത്ത് പരിശോധിച്ചാല്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഹിമാചല്‍ ഏറെ മുന്നിലാണ്. അഴിമതിയെ കുറിച്ച് വാചാലനാവുന്ന പ്രധാനമന്ത്രി നിതി ആയോഗിന്റെ കണക്കിലൂടെ കണ്ണോടിക്കണമെന്നും അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം ഹിമാചലെന്ന് കാണാമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഹിമാചലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇന്ദിരയുടെ വാക്കുകള്‍ ഉദ്ദരിച്ചു കൊണ്ടായിരുന്നു മോദിക്ക് രാഹുലിന്റെ രൂക്ഷ വിമര്‍ശം. രണ്ട് തരത്തിലുള്ള ആളുകളുണ്ട്.
ഒരു വിഭാഗം പ്രവൃത്തിയില്‍ വിശ്വസിക്കുന്നു. രണ്ടാമത്തെ വിഭാഗം പ്രവൃത്തിയില്‍ വിശ്വസിക്കുന്നില്ല പകരം അവകാശ വാദങ്ങളിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. മോദിജി രണ്ടാമത്തെ വിഭാഗത്തില്‍പെട്ടയാളാണെന്നും അദ്ദേഹം പരിഹസിച്ചു.
അമിത് ഷായുടെ മകന്‍ ജയ്ഷായെ കുറിച്ച് മോദി നിശബ്ദത പാലിക്കുന്നു. ഇതു തന്നെയാണ് ഭൂമി തട്ടിപ്പില്‍ അനുരാഗ് താക്കൂറിനെതിരായും പാലിക്കുന്നത്.
അഴിമതിക്കാരനായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി പരിവര്‍ത്തന യാത്രയുമായി നടക്കുകയാണ്. ഭംഗാളില്‍ ശാരദ ചിട്ടി തട്ടിപ്പിന്റെ ആസൂത്രകനെന്ന് ബി.ജെ.പി തന്നെ ആരോപിച്ച മുകുള്‍ റോയ് ഇപ്പോള്‍ പാര്‍ട്ടിക്കാരനാണ്. എന്നാല്‍ ഇപ്പോള്‍ ഇവരെ കുറിച്ചൊന്നും മോദിക്ക് അറിയില്ല രാഹുല്‍ പറഞ്ഞു. അഴിമതിയുടെ രക്ഷാപുരുഷനാണ് താനെന്നാണ് മോദി പറയുന്നത് എന്നാല്‍ അദ്ദേഹം രക്ഷാ പുരുഷനല്ല. അഴിമതിക്ക് കൂട്ടു നില്‍ക്കുന്നയാളാണെന്നും രാഹുല്‍ ആരോപിച്ചു.
നോട്ട് അസാധുവാക്കല്‍ രാജ്യത്തെ നശിപ്പിച്ചെങ്കില്‍ ജി.എസ്.ടി തൊഴില്‍ അവസരങ്ങളെ ഞെക്കിക്കൊന്നെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തി. പാവങ്ങള്‍ മാത്രം ബാങ്കില്‍ ക്യൂനില്‍ക്കേണ്ടി വന്നപ്പോള്‍ സമ്പന്നര്‍ക്ക് പിന്നാമ്പുറത്തെ വാതില്‍ തുറന്നുകൊടുത്തയാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.