ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ 18-ന് വോട്ടെണ്ണും. ഡിസംബര്‍ 18-നു മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗുജറാത്ത് തെരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി പറഞ്ഞു.
വോട്ട് രശീതി ഘടിപ്പിച്ച വിവിപാറ്റ് യ്ന്ത്രങ്ങളാവും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. രേഖപ്പെടുത്തിയ വോട്ട് വ്യക്തമായി കാണുന്നതിന് വിവിപാറ്റ് യന്ത്രത്തിന്റെ സ്‌ക്രീന്‍ വലിപ്പം 10 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തും. ഹിമാചലില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഓരോ സ്ഥാനാര്‍ത്ഥിക്കും പരാമവധി ചെലവഴിക്കാവുന്ന തുക 28 ലക്ഷമായി നിശ്ചയിച്ചിട്ടുണ്ട്. പ്രചരണത്തിന്റെ ഭാഗമായുള്ള ബള്‍ക് എസ്.എം.എസ്സുകളും വോയ്‌സ് മെസ്സേജുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കും.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയ്യതി കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണത്തേതു പോലെ രണ്ടു ഘട്ടങ്ങളയാവും വോട്ടെടുപ്പ്. 2018 ജനുവരിയില്‍ ആയിരിക്കും ഫലമറിയുക എന്നാണ് സൂചന.
68 അസംബ്ലി സീറ്റുകളുള്ള ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. വീരഭദ്രസിങ് ഭരിക്കുന്ന സംസ്ഥാനത്ത് കടുത്ത മത്സരമാവും നടത്തുക. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ട്. 182 സീറ്റുള്ള ഗുജറാത്തില്‍ ബി.ജെ.പിക്ക് നിലവില്‍ 116 സീറ്റാണുള്ളത്. കോണ്‍ഗ്രസിന് 60 സീറ്റാണുള്ളത്. 92 സീറ്റാണ് ഭരണം ലഭിക്കുന്നതിന് ആവശ്യം.