ഷിംല: ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ സ്വകാര്യ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. 20ഓളം കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. 27 കുട്ടികളും ബസിന്റെ ഡ്രൈവറും രണ്ട് വനിതാ അധ്യാപകരുമാണ് മരിച്ചത്.
നൂര്‍പൂര്‍ വസീര്‍ റാം സിങ് പതാനിയ മെമ്മോറിയില്‍ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങും വഴി നുര്‍പൂര്‍-ചമ്പ റോഡിലെ ഗുര്‍ചാലിലായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ബസ് കൈവരി തകര്‍ത്ത് 100 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മരിച്ച കുട്ടികളെല്ലാം അഞ്ചാം ക്ലാസിലോ അതിനു താഴെയോ പഠിക്കുന്ന പത്തു വയസ്സിനു താഴെയുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകട സമയത്ത് 40ലധികം കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് തടിച്ചുകൂടിയ പ്രദേശവാസികളാണ് രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.
പൊലീസും അഗ്നിശമന സേനയും പിന്നീട് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഒമ്പത് കുട്ടികള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവര്‍ കംഗ്ര സര്‍ക്കാര്‍ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേയും ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചില കുട്ടികളെ പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള ആസ്പത്രികളിലേക്ക് മാറ്റി. 20ലധികം കുട്ടികള്‍ മരിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സുരേഷ് ഭരദ്വാജ് സ്ഥിരീകരിച്ചു.
ചീഫ് സെക്രട്ടറി, ഡി.ജി.പി, കംഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുമായി ബന്ധപ്പെട്ടതായും രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു. ദുരന്ത നിവാരണ സേനയോട് സംഭവ സ്ഥലത്തേക്ക് തിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും തദ്ദേശവാസികളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അപകടം സംബന്ധിച്ച് മജിസ്‌ട്രേറ്റു തല അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.