ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബി. ജെ.പിക്കു തലവേദനയായി വിമതപ്പട. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവര്‍ വിമതരായി പത്രിക നല്‍കിയതാണ് പാര്‍ട്ടിയെ കുഴക്കുന്നത്. ഡസനിലേറെ വിമതരാണ് പത്രിക സമര്‍പ്പിച്ചത്. ഇവ പിന്‍വലിപ്പിക്കാന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. മുന്‍ എം.പി മഹേശ്വര്‍ സിങ്, മകന്‍ ഹിതേശ്വര്‍ സിങ് എന്നിവരാണ് കുള്ളു സദര്‍, ബന്‍ജാര്‍ സീറ്റുകളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്‍കിയത്. ഫത്തേഹ്പൂരില്‍ മുന്‍ രാജ്യസഭാ എം.പി കൃപാല്‍ പാര്‍മറും പ്രശ്‌നമാണ്. മുന്‍ എം.എല്‍.എമാരായ തേജ് വന്ത് നേഗി കിന്നൗരിലും കെ. എല്‍ താക്കൂര്‍ നാലഗഡിലും വിമതരായി രംഗത്തുണ്ട്.
മണ്ഡി സദറില്‍ പ്രവീണ്‍ ശര്‍മയും ബിലാസ്പൂര്‍ സദറില്‍ സുഭാഷ് ശര്‍മയും സുന്ദര്‍നഗറില്‍ അഭിഷേക് താക്കൂറും ധരംശാലയില്‍ വിപിന്‍ നെഹറിയയും റോഹ്‌റയില്‍ രജീന്ദര്‍ ദിര്‍തയും ഇന്‍ഡോറയില്‍ മനോഹര്‍ ദിമാനും ബദ്‌സറില്‍ സഞ്ജീവ് ശര്‍മയും ചമ്പയില്‍ ഇന്ദ്രകപൂറും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക സമര്‍പ്പിച്ചു. 11 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചതും കോണ്‍ഗ്രസില്‍ നിന്നും സീറ്റ് മോഹികളായെത്തിയവര്‍ക്ക് അവസരം നല്‍കിയതും പ്രാദേശിക നേതാക്കളെ പിണക്കി. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും അതിനാല്‍ നേരത്തെ തന്നെ ആരാവണം സ്ഥാനാര്‍ഥി എന്നതില്‍ വോട്ടെടുപ്പ് നടത്തിയിരുന്നതായും ബി.ജെ.പി നേതാക്കള്‍ പറയുന്നു.
മുന്‍ മന്ത്രിമാരായ ഗംഗുരാം മുസാഫിര്‍ പച്ചഡിലും കുല്‍ദീപ് കുമാര്‍ ചിന്ത്പുരിയിലും മുന്‍ എം.എല്‍.എമാരായ സുഭാഷ് മംഗലത് ചോപാലിലും തിലക് രാജ് ബിലാസ്പൂരിലും ജഗ്ജീവന്‍ പല്‍ സുള്ളയിലും ബിരു രാം കിശോര്‍ ജാന്തുട്ടയിലും കോണ്‍ഗ്രസ് വിമതരായും രംഗത്തുണ്ട്. 2017ല്‍ ഈ മണ്ഡലങ്ങളിലെ വിജയം നേരിയ മാര്‍ജിനായതിനാല്‍ വിമതരുടെ സാന്നിധ്യം പാര്‍ട്ടികള്‍ക്ക് ചങ്കിടിപ്പ് സൃഷ്ടിക്കുന്നു.
34 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ 5,000 വോട്ടിന് താഴെ മാത്രമാണ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഇതില്‍ തന്നെ 20 മണ്ഡലങ്ങളില്‍ 2,000 മുതല്‍ 3000 വോട്ടുകള്‍ വരെയാണ് മാര്‍ജിന്‍. ആറു മണ്ഡലങ്ങളില്‍ ആയിരം വോട്ടിന് താഴെ മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 68 മണ്ഡലങ്ങളില്‍ ആംആദ്മി സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടും നിര്‍ണായകമാവും.