ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ ഇന്നലെ ഹരം കൊള്ളിച്ചത് ട്രാക്കിലെ രണ്ട് പ്രകടനങ്ങളാണ്. 400 മീറ്റര്‍ ഫൈനലില്‍ മലയാളി താരം മുഹമ്മദ് അനസ് കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തിട്ടും തലനാരിഴക്ക് മെഡല്‍ നഷ്ടമായത് രാജ്യത്തിന്റെ നെടുവീര്‍പ്പായപ്പോള്‍ വനിതകളുടെ 400 മീറ്ററില്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ച് 18-കാരി ഹിമ ദാസ് ചരിത്രം കുറിച്ചു. ഒരു വര്‍ഷം മുമ്പു മാത്രം അത്‌ലറ്റിക്‌സിലേക്ക് തിരിഞ്ഞ ഹിമയുടെ ഫൈനല്‍ ഇന്നാണ്.
1958-ലെ മില്‍ഖ സിങിന്റെ സ്വര്‍ണ നേട്ടത്തിനു ശേഷം 400 മീറ്റര്‍ ഫൈനലിലെത്തുന്ന ആദ്യതാരമെന്ന ബഹുമതിയോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന പ്രകടനമാണ് നിലമേല്‍ സ്വദേശിയായ അനസ് കാഴ്ചവെച്ചത്. ആറാം ലാപ്പില്‍ ഓടിയ അനസ് സ്വന്തം മികച്ച സമയവും ദേശീയ റെക്കോര്‍ഡുമായ 45.32 എന്ന സമയം ഭേദിച്ച് 45.31 എന്ന പുതിയ സമയം കുറിച്ചെങ്കിലും ജമൈക്കന്‍ താരം ജാവന്‍ ഫ്രാന്‍സിസ് 0.2 സെക്കന്റ് വ്യത്യാസത്തില്‍ (45.11) വെങ്കലം റാഞ്ചുകയായിരുന്നു. 44.35 സമയം കുറിച്ച ബോട്‌സ്വാനയുടെ ഇസാക് മക്‌വാല സ്വര്‍ണവും 45.09-ല്‍ അതേ രാജ്യത്തിന്റെ ബബോലോകി തെബെ വെള്ളിയും നേടി.
നിലമേല്‍ നാദം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ ഓടിത്തുടങ്ങിയ അനസിലെ ഭാവിതാരത്തെ നിലമേല്‍ സ്‌കൂളിലെ കായികാധ്യാപകന്‍ അന്‍സാറാണ് കണ്ടെത്തിയത്. യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജി.വി രാജ സ്‌കൂളിലെത്തിയ താരത്തെ അവിടത്തെ പരിശീകലരായ മുഹമ്മദ് കുഞ്ഞിയും ജയകുമാറും ചേര്‍ന്നാണ് . നിലമേല്‍ വിളയിടത്തെ പരേതനായ യഹ്‌യയും ഷീനയുമാണ് മാതാപിതാക്കള്‍.
അസമില്‍ നിന്ന് പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പടപൊരുതി എത്തിയ ഹിമ ദാസിന് സ്വപ്‌ന തുല്യമായ നേട്ടമാണ് കന്നി ഗെയിംസില്‍ തന്നെ കുറിക്കാന്‍ കഴിഞ്ഞത്. കര്‍ഷക പുത്രിയായ ഒരു വര്‍ഷം മുമ്പു മാത്രമാണ് തന്റെ കരിയര്‍ അത്‌ലറ്റിക്‌സാണെന്ന് തിരിച്ചറിഞ്ഞത്. വിദേശത്തെ തന്റെ ആദ്യ ഇവന്റായ ഗോള്‍ഡ് കോസ്റ്റ് സെമിഫൈനലില്‍ 51.53 എന്ന കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ഹിമയുടേത്. അഞ്ചാം ഹീറ്റില്‍ മൂന്നാം സ്ഥാനത്താണ് ഹിമ ഓടിയെത്തിയത്. എട്ട് ഫൈനലിസ്റ്റുകളില്‍ ഏഴാം സ്ഥാനത്താണ് ഹിമയുടെ വേഗമെങ്കിലും ഓരോ മത്സരം കഴിയുമ്പോഴും സ്വയം മെച്ചപ്പെടുത്തുന്ന 18-കാരി ഫൈനലില്‍ അത്ഭുതം സൃഷ്ടിക്കുമെന്നാണ് ഇന്ത്യന്‍ ക്യാംപിന്റെ പ്രതീക്ഷ.