വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മൂന്നു നാള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക് പോരും തുടരുന്നു. ഇരു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിലെ പരാജയം ദുരന്തമായിരിക്കും. തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും ഒട്ടും പരിഗണിക്കാത്തയാളെന്ന നിലയിലാണ് ഹിലരി ട്രംപിനെ കടന്നാക്രമിക്കുന്നത്. അതേ സമയം നിയമത്തെ നിന്ദിക്കുന്ന ഹിലരി അധികാരത്തിലെത്തിയാല്‍ അത് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും കാരണമാകുമെന്നാണ് ട്രംപിന്റെ പ്രത്യാരോപണം.
ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്‍ പോലും വ്യക്തമായ വിജയ സാധ്യത ഉറപ്പിക്കാനായിട്ടില്ല. ഈ അവസ്ഥയിലാണ് എതിരാളിയുടെ മനോവീര്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആരോപണവും പ്രത്യാരോപണവുമായി രംഗപ്രവേശനം ചെയ്യുന്നത്. പ്രസിഡണ്ട് പദവിയിലേറാനാവശ്യമായ 270 ഇലക്ട്രല്‍ വോട്ടുകള്‍ ആരു നേടുമെന്നാണ് ലോകം മുഴുവന്‍ ഉറ്റു നോക്കുന്നത്. സി.എന്‍.എന്‍ നടത്തിയ അവസാന തെരഞ്ഞെടുപ്പു സര്‍വേയില്‍ നാലു ശതമാനം മേല്‍ക്കോയ്മ നേടിയ ഹിലരിക്കു പക്ഷേ തെരഞ്ഞെടുപ്പു അടുത്തതോടെ ഉയര്‍ന്നു വന്ന ഇ മെയില്‍ വിവാദം തിരിച്ചടിയായിട്ടുണ്ട്. നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ തുടങ്ങി ഒരു പക്ഷത്തും ഉറച്ച് നില്‍ക്കാത്ത വോട്ടര്‍മാരുള്ള സംസ്ഥാനങ്ങളില്‍ ഹിലരിക്കാണ് നേരിയ മുന്‍തൂക്കം.
അതേ സമയം ന്യൂഹാംഷയര്‍, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവസാന നിമിഷം അസാധാരണ നേട്ടമുണ്ടാക്കാനായത് ട്രംപ് ക്യാമ്പിന് കൂടുതല്‍ ഉണര്‍വ് നല്‍കുന്നുണ്ട്. തങ്ങളുടെ ശക്തി ദുര്‍ഗങ്ങളില്‍ വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ഹിലരി ക്ലിന്റനെങ്കില്‍ ട്രംപ് ഹിലരിയുടെ തട്ടകത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള അവസാനത്തെ അടവുകളാണ് പുറത്തെടുക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ രാജ്യത്തിന് അവിവേകിയായ ഒരു കമാന്ററെയായിരിക്കും ലഭിക്കുകയെന്നും ഇത് രാജ്യത്തിന്റെ ഭാവി കനത്ത അപകടത്തിലാക്കുമെന്നുമാണ് ഹിലരി വ്യാഴാഴ്ച നോര്‍ത്ത് കരോലിനയില്‍ പ്രചാരണത്തിനിടെ പറഞ്ഞത്.
പ്രസിഡണ്ടായാല്‍ ട്രംപ് ഏതെങ്കിലും രാഷ്ട്ര നേതാക്കന്‍മാരെ അപമാനിക്കുമെന്നും അത് ട്വിറ്റര്‍ യുദ്ധത്തിനു പകരം ഫലത്തില്‍ ശരിയായ യുദ്ധത്തിലായിരിക്കും അവസാനിക്കുകയെന്നും അവര്‍ ആരോപിക്കുന്നു. ഇന്നലെ ഡെട്രോയ്റ്റില്‍ അടിസ്ഥാന വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഹിലരി. ആഫ്രോ-അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ തേടിക്കൊണ്ട് ഹിലരി പിറ്റ്‌സ്ബര്‍ഗ്, ഫിലഡല്‍ഫിയ എന്നിവിടങ്ങളിലും ഇന്നലെ എത്തിയിരുന്നു. ഡെമോക്രാറ്റുകളുടെ ശക്തിദുര്‍ഗമായ പെന്‍സില്‍വാനിയയില്‍ ഏതെങ്കിലും രീതിയില്‍ വിള്ളല്‍ വീഴ്ത്താനാവുമെന്നാണ് ട്രംപ് ക്യാമ്പ് അവസാന നിമിഷത്തിലും വിശ്വസിക്കുന്നത്.
ഇത് ഒഴിവാക്കാനായി ഇന്ന് കാറ്റി പെറിയുമൊത്ത് ഹിലരി ക്ലിന്റണ്‍ ഫിലഡല്‍ഫിയയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച ഒഹിയോയിലും ഹിലരി എത്തുമെന്നാണ് വാര്‍ത്തകള്‍. അതേ സമയം ഹൈപ്രൊഫൈല്‍ പ്രതിനിധികളായ ബറാക് ഒബാമ, മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ എന്നിവര്‍ പ്രചരണത്തിനിറങ്ങിയ നോര്‍ത്ത് കരോലിന, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ഹിലരി സന്ദര്‍ശിച്ചേക്കില്ല. ഒഹിയോ, നോര്‍ത്ത് കരോലിന, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ട്രംപിനെ തടയാന്‍ ഹിലരിയ്ക്കായാല്‍ ട്രംപിന് 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടാന്‍ സാധിക്കില്ല. അതേസമയം ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ മെയില്‍ വിവാദം പരമാവധി കൊഴുപ്പിക്കുന്നതിനാണ് ട്രംപ് ശ്രമിക്കുന്നത്.
ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെട്ട ഒരാളെ പ്രസിഡണ്ട് പദവിക്ക് പറ്റില്ലെന്നാണ് ട്രംപ് ഇന്നലെയും ആവര്‍ത്തിച്ചത്. നോര്‍ത്ത് കരോലിന, ന്യൂഹാംഷയര്‍, ഒഹിയോ എന്നിവിടങ്ങളില്‍ വോട്ടെടുപ്പിന് മുന്നോടിയായി ഇന്നും നാളെയുമായി ട്രംപ് സന്ദര്‍ശിക്കും.