വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം എഫ്ബിഐ ആണെന്ന് കുറ്റപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ രംഗത്ത്. തെരഞ്ഞെടുപ്പിന് രണ്ട് ആഴ്ച മുന്‍പ് ഇമെയില്‍ വിവാദം അന്വേഷിക്കുന്നുണ്ടെന്ന എഫ്ബിഐ മേധാവി ജെയിംസ് കോമിയുടെ പ്രതികരണമാണ് പരാജയത്തിന് കാരണമെന്ന് ഹിലരി പറഞ്ഞു. പാര്‍ട്ടിയുടെ സംഭാവന ദാതാക്കളുമായി ഹിലരി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് എഫ്ബിഐ ഡയറക്ടര്‍ക്കെതിരെയുള്ള പരാമര്‍ശം.
പ്രതികരണം പുറത്തുവരുന്നതുവരെ തനിക്ക് ഉണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുത്തിയെന്നാണ് ഹിലരിയുടെ ആരോപണം. കോമി ഇക്കാര്യം പറയുന്നതു വരെ മുഴുവന്‍ സര്‍വേകളിലും തനിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അതിനു ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതുപോലൊരു തെരഞ്ഞെടുപ്പ് പരാജയത്തിന് നിരവധി കാരണങ്ങളുണ്ടാവുമെന്നും ഹിലരി പറഞ്ഞു.
തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പുതന്നെ എഫ്ബിഐ ഹിലരിക്ക് ക്ലീന്‍ചീറ്റ് നല്‍കിയിരുന്നു. ജെയിംസ് കോമിയുടെ കത്ത് അടിസ്ഥാനമില്ലാത്ത പല സംശയങ്ങളും ജനിപ്പിച്ചു. ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചു. ആരോപണങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഹിലരി പറഞ്ഞു. തനിക്കെതിരെ വീണുകിട്ടിയ അവസരം ട്രംപ് ക്യാമ്പ് മുതലെടുത്തുവെന്നും ഹിലരി ആരോപിച്ചു. മേധാവിത്വം തിരിച്ചുപിടിക്കുന്നതിനായി തങ്ങള്‍ക്ക് കഠിന പരിശ്രമം വേണ്ടിവന്നുവെന്നും ഹിലരി കൂട്ടിചേര്‍ത്തു.