മസ്‌കത്ത്: ഒമാനില്‍ ആഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റിനിടെ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. അഞ്ച് പേര്‍ മരിച്ച വിവരം ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒമാന്‍ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാനില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ചുഴലിക്കാറ്റിനിടെ മത്സ്യബന്ധന ബോട്ട് നെടുകെ പിളരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലേദേശ് പൗരന്മാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നും ഇവരെല്ലാം മരിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
സെപ്തംബര്‍ 17നാണ് ഈ ബോട്ട് കടലില്‍ പോയിരുന്നത്. സെപ്തംബര്‍ 26നാണ് അപകടം സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. 27ന് ഒരു മൃതദേഹം ലഭിച്ചു. പിന്നീട് രണ്ട് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ എംബസി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.