X
    Categories: tech

ഹൈക്ക് മെസേജിങ്ങ് ആപ്പ് പൂട്ടുന്നു; ജനുവരി 21 ന് സ്റ്റിക്കര്‍ ചാറ്റ് അവസാനിപ്പിക്കും

ഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് പൂട്ടുന്നു. വാട്ആപ്പിന്റെ പുതിയ സ്വകാര്യ നയം മൂലം സിഗ്‌നല്‍ ആപ്പ് ജനപിന്തുണ നേടുന്നതിനിടെയാണ് ഒരു കാലത്ത് അരങ്ങുവാണിരുന്ന ഹൈക്ക് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ജനുവരി 21 ന് സ്റ്റിക്കര്‍ ചാറ്റ് അവസാനിപ്പിക്കുകയാണെന്ന് ഹൈക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ സിഇഒ കെവിന്‍ ഭാരതി മിത്തലാണ് വ്യക്തമാക്കിയത്.

‘ഇന്ന് ഞങ്ങള്‍ ജനുവരി 21 ന് സ്റ്റിക്കര്‍ ചാറ്റ് അവസാനിപ്പിക്കുകയാണ്. നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ഇവിടെ ഉണ്ടാകില്ല.’ എന്നാണ് മിത്തല്‍ ട്വീറ്റ് ചെയ്തത്. വാട്ട്‌സ്ആപ്പിന് ഫലപ്രദമായ ബദലുകള്‍ക്കായി ഒരു ശ്രമം നടക്കുമ്പോള്‍, കമ്പനി എന്തിനാണ് സേവനം നിര്‍ത്തലാക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കിലും ഹൈക്ക് മെസഞ്ചറിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ സംഭാഷണങ്ങളും ഡാറ്റയും അപ്ലിക്കേഷനില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അടച്ചുപൂട്ടാനുള്ള കാരണം ഹൈക്ക് വെളിപ്പെടുത്തിയിട്ടില്ല.

2012 ആരംഭം കുറിച്ചപ്പോള്‍ ഹൈക്കിന് ജനപ്രീതി നേടിയെടുത്തിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് വാട്ട്‌സ്ആപ്പ് ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്തിയതോടെയാണ് ഹൈക്കിന് ഇടിവുണ്ടായത്. ഏറ്റവും വലിയ ഇന്ത്യന്‍ ഫ്രീവെയര്‍, ക്രോസ്പ്ലാറ്റ്‌ഫോം ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷന്‍ എന്നും വിളിക്കപ്പെട്ട ഇതില്‍ ഹൈക്ക് സ്റ്റിക്കര്‍ ചാറ്റുകളായിരുന്നു ഏറെ പ്രചാരം നേടിയിരുന്നത്. 2016 ഓഗസ്റ്റില്‍, 100 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു, കൂടാതെ 10 പ്രാദേശിക ഇന്ത്യന്‍ ഭാഷകളെയും പിന്തുണച്ചു.

 

 

Test User: