X

ഹിജ്‌റ: ചിന്തയും ചരിത്രവും-ടി.എച്ച് ദാരിമി

Taj Mahal Agra India

നബി തിരുമേനി (സ) യുടെ മദീനാഹിജ്‌റ നടക്കുന്നത് അറബി കലണ്ടറിലെ മൂന്നാമത്തെ മാസത്തിലാണ്. എന്നിട്ടും മുഹറം എന്ന ഒന്നാം മാസത്തില്‍ തുടങ്ങുന്ന കലണ്ടറിന് ഹിജ്‌റാകലണ്ടര്‍ എന്ന് പേര് വന്നു എന്നതില്‍നിന്ന്തന്നെ ഹിജ്‌റയുടെ പ്രാധാന്യം മനസ്സിലാക്കാം. അറബികള്‍ക്കിടയില്‍ കാലഗണനയില്‍ മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങളുടെ കണക്ക് പറയേണ്ടിവന്നാല്‍ അവര്‍ ആ വര്‍ഷത്തില്‍ നടന്ന പ്രധാന സംഭവങ്ങളെ ആധാരമാക്കാറായിരുന്നു പതിവ്. നബി (സ) യുടെ കാലത്തും അങ്ങനെയായിരുന്നു. പിന്നീട് ഹിജ്‌റ 17 ല്‍ രണ്ടാം ഖലീഫ ഉമര്‍ (റ) വിന്റെ കാലത്തായിരുന്നു ഒരു കലണ്ടറിന്റെ അഭാവം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. ഇറാഖിലെ ബസ്വറയിലെ ഗവര്‍ണ്ണര്‍ അബൂ മൂസാ അല്‍ അശ്അരിയാണ് അത് ആദ്യം ശ്രദ്ധയില്‍ പെടുത്തിയത്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന കത്തുകുത്തുകള്‍ വര്‍ഷം ഇല്ലാത്ത കാരണത്താല്‍ ചില വിഷമങ്ങള്‍ സൃഷ്ടിക്കുന്നതായും അതു പരിഹരിക്കാന്‍ കലണ്ടര്‍ ഗണന വേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതു ബോധ്യപ്പെട്ട ഖലീഫ പ്രധാന സ്വഹാബിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യുകയും കലണ്ടര്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അപ്പോഴാണ് കലണ്ടറിന്റെ ആധാരത്തെ കുറിച്ച് അവര്‍ ചിന്തിച്ചത്. നബിയുടെ ജനനം, മരണം തുടങ്ങി പലതും പലരും നിര്‍ദ്ദേശിച്ചുവെങ്കിലും ഖലീഫക്ക് അതൊന്നും ബോധിച്ചില്ല. അതിനേക്കാള്‍ വലിയ ഒരു അര്‍ഥത്തിലേക്കും ആശയത്തിലേക്കും എത്തിച്ചേരാന്‍ പരതുകയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. അപ്പോഴാണ് അലി (റ) ഹിജ്‌റ എന്ന ആശയം വെച്ചതും അത് പ്രഥമദൃഷ്ട്യാതന്നെ എല്ലാവരും അംഗീകരിച്ചതും. സത്യവും അസത്യവും വേര്‍തിരിഞ്ഞത് ഹിജ്‌റയിലാണ് എന്നായിരുന്നു ഉമര്‍ (റ) അതിനു പറഞ്ഞ ന്യായം. അവരുടെ ഇടയിലെ എക്കാലത്തേയും വലിയ സംഗമം ആയ ഹജ്ജ് കഴിഞ്ഞ് തുടങ്ങുന്ന മുഹറം കൊണ്ടുതന്നെ മാസങ്ങള്‍ തുടങ്ങട്ടെ എന്നും തീരുമാനിക്കപ്പെട്ടു. കേവലം പലായനം എന്നതിനുമപ്പുറം വലിയ ആശയം ഹിജ്‌റ ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു.

പ്രപഞ്ചത്തില്‍ മനുഷ്യന്‍ എന്ത് നേടുന്നതും ഒരുപക്ഷേ യാദൃഛികമായിട്ടായിരിക്കാം. അല്ലെങ്കില്‍ അധ്വാനത്തിനോ വിലക്കോ പകരമായി നേടിയെടുക്കുന്നതായിരിക്കാം. പകരവും വിലയും ശ്രമമാവാം, സമയമാവാം, സമ്പത്താകാം, ആയുസ്സാകാം, ശേഷിയാവാം. ഇവ രണ്ടില്‍ ഏറ്റവും ഹൃദ്യമാകന്നത് രണ്ടാമത്തേ രീതിയില്‍ നേടിയെടുക്കുന്നതിനാണ്. അഥവാ ത്യാഗത്തിന്റെ ശമ്പളമായി നേടുന്നതിന്. കാരണം അപ്പോള്‍ മനുഷ്യന്റെ മനസ്സ് ഉണരുകയും ലക്ഷ്യത്തെ താല്‍പര്യപൂര്‍വം ജാഗ്രവത്തായി പിന്തുടരുകയും ചെയ്യുന്നു. കാരണം, അപ്പോള്‍ അവന്‍ തന്നിലേക്ക് വന്ന്കയറുന്ന സൗഭാഗ്യത്തെകുറിച്ചുള്ള നിറ പ്രതീക്ഷയിലായിരിക്കും. ഈ പ്രപഞ്ച തത്വം മനുഷ്യന്റെ ജീവിതാനുഭവങ്ങളിലെ സത്യമാണ്. ഈ തത്വം മുതലാണ് ഹിജ്‌റയെ സമകാലികമായി വായിച്ചു തുടങ്ങുന്നത്. ഹിജ്‌റയില്‍ നബി (സ) തന്റെ നാട്, കുടുംബങ്ങള്‍, ജീവിത പരിസരങ്ങള്‍ എന്നിവയെല്ലാം ത്യാഗം ചെയ്യുകയായിരുന്നു. അവ ഓരോന്നും കൈവിടുമ്പോള്‍ വരാനിരിക്കുന്ന സുന്ദര ലോകത്തിന്റെ ചിത്രം നബിയുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുകയായിരുന്നു. അത് പൂര്‍ണമായും കിട്ടുകയും ചെയ്തു.

പിറന്നുവീണ നാട്ടില്‍നിന്ന് പുറത്തുപോകാന്‍ നബി (സ) ആഗ്രഹിച്ചതായിരുന്നതല്ല. ഹിജ്‌റയുടെ സന്ദര്‍ഭത്തില്‍ മക്കയോടുള്ള തന്റെ ഗൃഹാതുരത്വം നബി (സ) പ്രകടിപ്പിച്ചു. മക്കയെ കാണാന്‍ കഴിയുന്ന അവസാനത്തെ കുന്നില്‍നിന്ന് നോക്കി നബി (സ) നിശ്വസിച്ചു: മക്കാ നഗരമേ, ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടം നിന്നോടാണ്. നിന്നെ വിട്ടുപോകാന്‍ എനിക്കിഷ്ടമില്ല. നിന്റെ നാട്ടുകാര്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാനിവിടെനിന്ന് പോകുമായിരുന്നില്ല എന്ന് നബി (സ) ആത്മഗതം ചെയ്തു. തന്റെ മഹാദൗത്യത്തിന് വേണ്ടി ചെയ്യാന്‍ പോകുന്ന മഹാ ത്യാഗത്തിന്റെ ആഴവും പരപ്പും ഇവിടെ അനുഭവിക്കുകയാണ്. ഈ ത്യാഗത്തിന്റെ ഫലത്തിലുള്ള ആ മനസ്സിന്റെ പ്രതീക്ഷയുടെ തിളക്കവും ഹിജ്‌റ യാത്രയില്‍ തന്നെ അനുഭവിക്കുന്നുണ്ട്. അത് പ്രകടമായി നമുക്കനുഭവപ്പെടുന്ന രണ്ട് രംഗങ്ങള്‍ ഉണ്ട്. ഖുറൈശികളുടെ കണ്ണില്‍ പെടാതെ നബി (സ)യും അനുചരനും നേരെ സൗറ് ഗുഹയിലേക്ക് പോവുകയും ആ ഗുഹയില്‍ കയറിയിരിക്കുകയും ചെയ്ത സമയത്തുണ്ടായതാണ് ഒന്ന്. രണ്ടു മൂന്നു ദിവസം സൗറ് ഗുഹയില്‍ തങ്ങാന്‍ തന്നെയായിരുന്നു നബി (സ) തീരുമാനിച്ചിരുന്നത്. ഖുറൈശികളുടെ നീക്കങ്ങള്‍ തിരിച്ചറിയുകയും അവരുടെ ദേഷ്യവും ബഹളങ്ങളും കെട്ടടങ്ങിയതിനുശേഷം പതുക്കെ ഗുഹയില്‍നിന്ന് പുറത്തിറങ്ങി യാത്ര തുടരാനുമായിരുന്നു പരിപാടി. തിരുമേനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ഖുറൈശിപ്പട മദീനയിലേക്കുള്ള പാത അരിച്ചുപെറുക്കി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇടക്ക് സൗറ് ഗുഹയുടെ അരികെയും അവരെത്തുകയുണ്ടായി. ശത്രുക്കള്‍ വെറുതെ ഒന്ന് താഴോട്ടു നോക്കിയാല്‍ നമ്മെ കണ്ടേക്കുമല്ലോ എന്ന് അബൂബക്കര്‍ (റ) ആശങ്കപ്പെട്ട സമയത്ത് നബി (സ) പറഞ്ഞ വാക്കുകളില്‍ ആ പ്രതീക്ഷ തെളിയുന്നു.

രണ്ടാമത്തെ രംഗം സുറാഖ ബിന്‍ മാലിക് അവരെ കയ്യോടെ പിടികൂടിയ സമയത്തുണ്ടായതാണ്. ഖുറൈശികള്‍ പ്രഖ്യാപിച്ച ഇനാമായ നൂറ് ഒട്ടകമായിരുന്നു അയാളുടെ ഉദ്ദേശ്യം. പക്ഷേ, അല്ലാഹുവിന്റെ സഹായം അവരെത്തേടിയെത്തി. ആവേശത്തോടെ പ്രവാചകനെ ഉന്നംവെച്ച് നീങ്ങിയ സൂറാഖയുടെ ഒട്ടകം ആ സഹായത്താല്‍ മൂക്കുകുത്തി മറിഞ്ഞുവീണു. അതിന് മുമ്പും രണ്ട് തവണ സുറാഖയുടെ ഒട്ടകം വീണിരുന്നു. മൂന്നാമതും അങ്ങിനെ സംഭവിച്ചപ്പോള്‍ സുറാഖ അതൊരു അപലക്ഷണമായി കണ്ടു. താന്‍ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കി അയാള്‍ പ്രവാചകനെ വിളിച്ചു, ഒന്നു നില്‍ക്കൂ. സുറാഖത്തുബ്‌നു മാലികുബ്‌നു ജഅശ് ആണ് ഞാന്‍. എനിക്കങ്ങയോട് ചിലത് സംസാരിക്കാനുണ്ട്. നിങ്ങള്‍ക്ക് ദോഷകരമായതൊന്നും ഞാന്‍ ചെയ്യുകയില്ലെന്നിതാ ഉറപ്പുതരുന്നു. അങ്ങനെ അവിടെ വെച്ച് അവര്‍ സംസാരിച്ചു. അതിനൊടുവില്‍ നബി (സ) പ്രഖ്യാപിച്ചു: സുറാഖാ, കിസ്‌റയുടെ അധികാര വളകള്‍ നിന്നെ അണിയിച്ചാല്‍ എങ്ങനെയിരിക്കും. പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റയുടേയോ?; സുറാഖ അത്ഭുതപ്പെട്ടു. അതെ, പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റ തന്നെ. മക്കയില്‍ നിന്ന് മദീനയിലേക്ക് മരുഭൂമിയിലൂടെ അഭയം തേടി പോകുന്ന ഒരാളുടെ പ്രഖ്യാപനം ഇസ്‌ലാമിന്റെ വിജയത്തെക്കുറിച്ച ശുഭപ്രതീക്ഷയുടേതായിരുന്നു. പിന്നീട് അത് പുലരുന്നതും കണ്ടു.

ദൗത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്തമാണ് ഹിജ്‌റ പുതിയ മനുഷ്യന് മുമ്പില്‍ നിവര്‍ത്തുന്ന മറ്റൊരു അധ്യായം. പുതിയ കാലത്തിന് വിജയങ്ങളേക്കാളേറെ പറയാന്‍ ഉള്ളത് പരാജയങ്ങളാണ്. പ്രബോധനം മുതല്‍ കച്ചവടം വരെ അവതരണം മുതല്‍ രചന വരെ ഓരോ കാര്യങ്ങളും തുടക്കത്തില്‍ തന്നെയോ അല്ലെങ്കില്‍ അധികം വൈകാതെയോ നിരാശയില്‍ ചെന്നടിയുന്നത് സാധാരണമാണ്. എന്താണ് ഇതിന് കാരണം എന്ന് ചികയുമ്പോള്‍ മനസ്സിലാകും, ആര്‍ത്തി, ധൃതി, പിന്‍ ലക്ഷ്യങ്ങള്‍ തുടങ്ങിയവയില്‍ മനസ്സ് ഉടക്കിപ്പോകുകയും അവയുടെ ആധിക്യം കാരണം ശ്രമം ക്ഷയിച്ചുപോകുകയും ചെയ്യുന്നതുകൊണ്ടാണ് എന്ന്. പ്രതീക്ഷക്ക് ചെറിയ താളപ്പിഴ സംഭവിക്കുമ്പോഴേക്ക് നിരാശ മനസ്സിനെ കയറി കീഴ്‌പെടുത്തുന്നു. സത്യത്തില്‍ ജീവിതത്തിലെ ഏതു ദൗത്യവും വിജയിക്കുന്നത് ശ്രമങ്ങള്‍ നിരന്തരവും നിരാശാ വിമുക്തങ്ങളുമാകുമ്പോഴാണ്. പ്രതീക്ഷയും പ്രത്യാശയുമെല്ലാം ജ്വലിച്ചുനില്‍ക്കുന്നതോടൊപ്പംതന്നെ നിരാശ ഒരിക്കലും കടന്നുവരാത്തവിധം ശ്രമത്തെ സജീവമാക്കി നിറുത്തണം. ചെറിയ ഒരു തിരിച്ചടിയോ പരാജയമോ കാണുമ്പോഴേക്കും മനസ്സ് തളര്‍ന്ന് പിന്‍മാറുകയോ നിരാശയില്‍ ഖിന്നനാവുകയോ ചെയ്യുന്നവന് ഒരിക്കലും വിജയിക്കാന്‍ കഴിയില്ല. പരാജയം പിന്‍മാറാന്‍ ഉള്ള ന്യായമല്ല, മറ്റൊരു വഴിക്ക് ശ്രമത്തെ പൂര്‍വാധികം ശക്തമായി തിരിച്ചുവിടാനുളള സൂചനയാണ്. ഹിജ്‌റയോളമെത്തുന്ന നബി (സ)യുടെ ദൗത്യ ശ്രമങ്ങളില്‍ ഈ നൈരന്തര്യം കാണാം.

നബി (സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യത്തേത് പരിഹാസത്തിന്റേതായിരുന്നു. മാനസികമായി അനുഭവിക്കുന്ന ഈ പീഡനം കാരണം ചിലപ്പോള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചേക്കാം എന്നായിരുന്നു ശത്രുക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍ നബി (സ)യുടെ ജീവിതത്തില്‍ അതുണ്ടായില്ല. അദ്ദേഹവും കൂട്ടുകാരും ധീരമായി മുന്നേറുകതന്നെ ചെയ്തു. അപ്പോഴാണ് രണ്ടാമത്തെ ഘട്ടം തുടങ്ങുന്നത്. മര്‍ദ്ദനമായിരുന്നു ഈ ഘട്ടത്തില്‍. നബി(സ)യും അതിലുപരി ആദ്യകാല മുസ്‌ലിംകളില്‍ പലരും കഠിനമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരായി. അപ്പോഴെല്ലാം സ്വന്തം മനസ്സില്‍ ആദര്‍ശം കൂടുതല്‍ ശക്തിപ്പെട്ടു എന്നതിനോടൊപ്പം പ്രതിയോഗികളില്‍ ചിലര്‍ക്കെങ്കിലുമുണ്ടായ സഹതാപം ഇസ്‌ലാമിന് അനുകൂല തരംഗമുണ്ടാക്കുകയും ചെയ്തു. ശത്രുക്കളുടെ ഈ നീക്കവും പരാജയപ്പെട്ടപ്പോഴാണ് അടുത്ത ഘട്ടം തുടങ്ങുന്നത്. ഉന്മൂലനത്തിന്റേതായിരുന്നു അത്. നബി (സ)യെ നാടുകടത്തുകയോ വധിക്കുകയോ ചെയ്യുകയെന്നത് ശത്രുക്കളുടെ മുഖ്യ അജണ്ടയായിരുന്നുവെങ്കിലും നബിക്കുണ്ടായിരുന്ന ശക്തമായ ജനസമ്മതി കാരണം അവരതിന് പെട്ടെന്ന് മുതിര്‍ന്നില്ല. എന്നാല്‍ പിതൃവ്യന്‍ അബൂത്വാലിബിന്റെയും ഭാര്യ ഖദീജ (റ)യുടെയും നിര്യാണം ഈ അജണ്ട നടപ്പിലാക്കുന്നതിന് അവര്‍ക്ക് സഹായകമായി. ഈ സമയത്താണ് നബി (സ) മക്കയില്‍ തന്റെ ശ്രമം ഇനി വേണ്ടത്ര വേഗതയില്‍ വിജയിക്കണമെന്നില്ല എന്ന് തിരിച്ചറിയുന്നതും ത്വാഇഫ് യാത്ര നടത്തുന്നതും. അത് വിജയിച്ചില്ല. പക്ഷേ എന്നിട്ടും നബിക്ക് നിരാശ ഉണ്ടായില്ല. വീണ്ടും നടത്തിയ ശ്രമങ്ങളിലാണ് അഖബാ ഉടമ്പടികള്‍ ഉണ്ടാകുന്നത്. അതിന്റെ അവസാനം അഥവാ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഹിജ്‌റ നടക്കുമ്പോള്‍ നബി (സ) യുടെ നിരന്തര ശ്രമം വിജയത്തോടടുക്കുകയായിരുന്നു. ആ ഹിജ്‌റ പിന്നീട് മഹാവിജയങ്ങളിലേക്ക് നബി(സ)യെയും ആദര്‍ശത്തെയും നയിക്കുകയായിരുന്നു. ത്യാഗങ്ങള്‍ വിജയത്തിലേക്ക് നയിക്കുന്നു എന്ന പാഠത്തിന്റെ നേര്‍ചിത്രമാണ് ഹിജ്‌റ.

Test User: