X

വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യാനില്ല; ലോകത്തെ ആദ്യ ഹിജാബി സൂപ്പര്‍ മോഡല്‍ ഹലീമ അദന്‍ ഫാഷന്‍ ലോകം വിട്ടു

ന്യൂയോര്‍ക്ക്: വിശ്വാസത്തില്‍ സന്ധി ചെയ്യാനാവില്ല എന്ന് പ്രഖ്യാപിച്ച് ലോകത്തെ ആദ്യ ഹിജാബി സൂപ്പര്‍ മോഡല്‍ ഹലീമ അദന്‍ ഫാഷന്‍ ലോകം വിട്ടു. ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് 23കാരിയായ അവര്‍ ഇക്കാര്യം അറിയിച്ചത്.

‘ഫാഷന്‍ ലോകം ഉപേക്ഷിക്കണമെന്ന് മാതാവ് ഏറെക്കാലം മുമ്പെ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. കോവിഡിനും അതേത്തുടന്നുണ്ടായ ഇടവേളയ്ക്കും നന്ദി. എന്റെ ഹിജാബ് യാത്രയില്‍ ഞാന്‍ തെറ്റായിരുന്നു എന്ന് തിരിച്ചറിയുന്നു’ –

ഹലീമ അദന്‍

ഷൂട്ടിങില്‍ വിശ്വാസങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പലപ്പോഴും നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ട്. തനിക്കിത് പറയാന്‍ പേടിയായിരുന്നു. എന്നാല്‍ ഇത് സുഖകരമായിരുന്നില്ല എന്നതാണ് സത്യം- ഹലീമ പറയുന്നു.

ഹലീമയുടെ തീരുമാനത്തിന് പിന്തുണയുമായി അന്താരാഷ്ട്ര മോഡലുകളായ ജിജി ഹദീദ്, ബെല്ല ഹദീദ്, ഉഗ്ബദ് അബ്ദിന്‍ദ്, ഗായിക റിഹാന തുടങ്ങിയവര്‍ രംഗത്തെത്തി.

സോമാലി-അമേരിക്കന്‍ മുസ്‌ലിം മോഡലായ ഹലീമ യുഎസിലെ മിനെസോട്ട സൗന്ദര്യമത്സരത്തിലൂടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്. സ്‌പോര്‍ട് ഇല്ലസ്‌ട്രേറ്റഡിന്റെ സ്വിം സ്യൂട്ട് പതിപ്പില്‍ ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ട് ഇവര്‍ ഫാഷന്‍ ലോകത്ത് പുതുവഴി വെട്ടിത്തെളിച്ചു.

വോഗ് അറേബ്യ, അല്ലുറെ, ബ്രിട്ടീഷ് വോഗ് തുടങ്ങിയ വിഖ്യാത ഫാഷന്‍ മാഗസിനുകളില്‍ ഇവരുടെ ഹിജാബ് ധരിച്ച ചിത്രങ്ങള്‍ കവറുകളായി. കെനിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ ജനിച്ച ഇവര്‍ ആറാം വയസ്സിലാണ് യുഎസിലേക്ക് കുടിയേറിയത്.

Test User: