X

ഹിജാബ്‌ ധരിച്ചവരെ പുറത്താക്കിയ സംഭവം: മോഡിക്ക് എം കെ മുനീറിന്റെ തുറന്ന കത്ത്

കത്തിന്റെ പൂര്‍ണ്ണരൂപം

മിസ്റ്റര്‍ മോദി,
ഇന്ത്യയുടെ പ്രധാനമന്ത്രിയായ താങ്കളുടെ ഗുജറാത്തിലെ പരിപാടിയില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത ഒരു ജനപ്രതിനിധിയായ സ്ത്രീയുടെ ശിരോവസ്ത്രം മാറ്റിപ്പിച്ച നടുക്കുന്ന സംഭവം ഈ വനിതാദിനത്തില്‍ തന്നെ കേള്‍ക്കേണ്ടി വന്നിരിക്കുന്നു!
ഇതെങ്ങോട്ടാണ് ഈ രാജ്യം പോകുന്നത് എന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ..
പൗരാണിക കാലം മുതല്‍ മനുഷ്യ സംസ്‌കാരമെന്നത് ഭിന്നവും വ്യത്യസ്തവുമായിരുന്നു!സനാതന ധര്‍മ്മത്തെക്കുറിച്ച് വാതോരാതെ പറയുന്നു അങ്ങയുടെ ആളുകള്‍!പക്ഷേ എന്താണ് ആ ധര്‍മ്മമെന്ന് അങ്ങയുടെ ആളുകള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ താങ്കള്‍ അറിവുള്ള ആരെയെങ്കിലും ചുമതലപ്പെടുത്തുകയാണെങ്കില്‍ അതീ രാജ്യത്തോട് ചെയ്യുന്ന വലിയ നീതിയാകും.
വിശ്വമാനവികതയുടെ ചരിത്രം നമ്മുടെ രാഷ്ട്രത്തിന്റെ വ്യത്യസ്തയുടെ കൂടി ചരിത്രമാണ് എന്ന് താങ്കള്‍ ഓര്‍ക്കണം!എന്നാല്‍ അങ്ങ് പ്രധാനമന്ത്രിയായ ഇന്ത്യയില്‍ ഭയപ്പെടുത്തുന്ന രീതിയില്‍ അതിന്റെ നഗ്‌നമായ ലംഘനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്!
രാജ്യത്തെ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഇതര മതവിഭാഗങ്ങള്‍ക്കുമൊക്കെ വ്യത്യസ്തമായ സംസ്‌കാരങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്!വസ്ത്രധാരണ രീതികളുണ്ട്!പക്ഷേ നിങ്ങളുടെ വസ്ത്രം പോലും ഞങ്ങള്‍ തീരുമാനിക്കും എന്ന് പറയുന്ന ഏകാത്മകമായ സംസ്‌കാരത്തിന്റെ ആധിപത്യം അരങ്ങ് വാഴുന്നിടത്താണ് രാജ്യമുള്ളത്!ഒരു സ്ത്രീയായ ജനപ്രതിനിധിക്ക് പോലും അതില്‍ ഇളവുകളില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്!ഗോള്‍വാക്കറിന്റെ സാംസ്‌കാരിക ശുചീകരണമെന്ന സിദ്ധാന്തത്തിന്റെ ഭയാനകമായ ആവിഷ്‌കാരമാണിത്!
രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന ആത്മാവിനെ പരിക്കുകളില്ലാതെ സംരക്ഷിക്കാന്‍ താങ്കള്‍ക്ക് ബാദ്ധ്യതയുണ്ട്! ഭയപ്പെടിന്റെ മുള്‍മുനയില്‍ നിര്‍ത്തി എല്ലാക്കാലവും ഒരാള്‍ക്കും ഒന്നിനെയും കീഴടക്കാന്‍ കഴിയില്ലെന്ന സത്യം നമുക്ക് മുന്നിലുണ്ട്!

chandrika: