ഹിജാബ് മുസ്ലിം പെണ്‍കുട്ടിയുടെ അവകാശമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏതെങ്കിലും മതത്തിന്റെ ആചാരവും അനുഷ്ഠാനവും എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല. അതാത് മതാചാര്യന്മാരാണെന്ന് കെപിഎ മജീദ് പ്രതികരിച്ചു.
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശമാണ്. അതേ അവകാശം ഹിജാബിനുമുണ്ട്. സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജനസമൂഹത്തെ ഒന്നാകെ പൊതുധാരയില്‍നിന്ന് അകറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വിവാദങ്ങളെന്നും രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്തണമെന്ന ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരണമെന്നും കെപിഎ മജീദ് ഓര്‍മപ്പെടുത്തി.
അതേസമയം, വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഇന്ന് ശരിവെച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റീസ് കൃഷ്ണ എസ് ദീക്ഷി എന്നിവരടങ്ങിയ വിശാല ബെഞ്ചാണ് ഹരജി തള്ളിയത്. ഹിജാബ് ഇസ്്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.