X

ഹിജാബ്: നീതി ദേവത കണ്ണുകെട്ടുന്നുവോ- സുഹ്‌റ മമ്പാട്‌

സുഹ്‌റ മമ്പാട്‌

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവെച്ചതോടെ രാജ്യത്താകെ അതിന്റെ അലയൊലികള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശിലും മുസ്്‌ലിം പെണ്‍കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മടക്കിയയക്കാന്‍ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതു കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് സൂചനകള്‍. കേരളത്തിലും ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും കര്‍ണാടക ഹൈക്കോടതി വിധി നടപ്പാക്കണമെന്നും തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

ഹിജാബ് ഇസ്‌ലാം മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും സ്‌കൂള്‍ യൂണിഫോമില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നത് റീസണബിള്‍ റസ്ട്രിക്ഷന്റെ ഭാഗമാണെന്നുമാണ് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 1983ലെ കര്‍ണാടക വിദ്യാഭ്യാസ ആക്ട് പ്രകാരം പ്രീയൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ വിദ്യാര്‍ഥികള്‍ കോളജ് വികസന സമിതിയോ, അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡിന്റെ അപ്പീല്‍ കമ്മിറ്റിയോ നിര്‍ദേശിച്ചിരിക്കുന്ന വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യുണിഫോം തീരുമാനിക്കാത്ത അവസരത്തില്‍ സമത്വം, അഖണ്ഡത, പൊതു ക്രമസമാധാനം എന്നിവക്ക് തടസം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

ഉഡുപ്പി ഗവ. വനിതാ പ്രീയൂണിവേഴ്‌സിറ്റി കോളജിലാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന പ്രിന്‍സിപ്പല്‍ രുദ്ര ഗൗഡയുടെ നിലപാടാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രീ യൂണിവേഴ്‌സിറ്റി കോളജിന് പിന്നാലെ കുന്ദപൂര്‍, ചിക്കമംഗലൂരു, മംഗളൂരു, ഷിമോഗ, മാണ്ഡ്യ എന്നിവിടങ്ങളിലെ വിവിധ കോളജുകളില്‍ ഹിജാബ് നിരോധിക്കണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ രംഗത്തുവന്നു. വിവാദത്തിനിടെ ഹിജാബ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കാവി ഷാള്‍ പുതച്ച് വിഭാഗീയത കടുപ്പിക്കാനുള്ള പ്രതിഷേധങ്ങളും തുടങ്ങി. എരിതിയീല്‍ എണ്ണയൊഴിച്ച് ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി. ഒരു മതവിഭാഗത്തിന്റെ ഭാഗമായി സ്വയം ഇഷ്ടപ്രകാരം ധരിക്കുന്ന ഹിജാബ് എങ്ങനെയാണ് പൊതു ക്രമസമാധാനത്തെ ബാധിക്കുന്നതെന്നതും നാനാത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയപ്പെടുന്ന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന വിശാല ഭരണഘടനയുള്ള ഇന്ത്യയുടെ അഖണ്ഡത നശിപ്പിക്കുന്ന ഒന്നായും ഹിജാബ് മാറുന്നതെന്നും ചോദിച്ച് ഇരകളായ വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. 11 ദിവസമാണ് ഇതില്‍ കോടതി വാദം കേട്ടത്. ഫെബ്രുവരി 25ന് കേസ് വിധി പറയുന്നതിനായി മാറ്റുകയായിരുന്നു. കേസില്‍ വാദം കേട്ട ആദ്യ ദിവസം തന്നെ കോടതി ഇടക്കാല ഉത്തരവില്‍ സ്‌കൂളിലോ കോളജിലോ നിര്‍ദേശിച്ചിരിക്കുന്ന യൂണിഫോമിലായിരിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ ഹിജാബ്, കാവി ഷാളുകള്‍, മതപരമായ കൊടികള്‍ തുടങ്ങിയവയൊന്നും ഉപയോഗിക്കരുതെന്ന് പറഞ്ഞുവെച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയാണോ ഇവര്‍ വ്യാഖ്യാനിക്കുന്നതെന്ന സംശയം ഉടലെടുത്തിരുന്നു.

കര്‍ണ്ണാട ഹൈകോടതി വിധി ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തുന്ന എല്ലാ കടന്നുകയറ്റങ്ങളെയും ഭരണഘടനയെ പോലും വെല്ലുവിളിച്ച് ഇല്ലാത്ത നിയമ പരിരക്ഷ നല്‍കുന്ന നടപടി രാജ്യത്തെ പല കോടതികളും ന്യായാധിപരും തുടരുന്നതിന്റെ നേര്‍ക്കാഴ്ചയാണു ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയിലും കണ്ടത്. രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട കോടതികള്‍ ഈ വിധത്തില്‍ സംഘ്പരിവാറിനു അടിമപ്പെടുന്നത് പൗരന്മാര്‍ക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ കാരണമാവും.

Test User: