ലോകത്തെവിടെയും ഹിജാബ് നിരോധിത വസ്ത്രമല്ലെന്നും അവധാനതയോടെയാണ് സുപ്രിംകോടതി ഈ വിഷയത്തെ കാണുന്നതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹിജാബ് കേസ് വിശാലബെഞ്ചിനു വിട്ട സുപ്രിംകോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്റെ പ്രശ്‌നമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഏതെങ്കിലും വേഷത്തിനോ വിശ്വാസത്തിനോ ജീവിതരീതിക്കോ നിരോധനം ഏർപ്പെടുത്തുന്നത് മൗലികാവകാശം നിരോധിക്കുന്നതിന് തുല്യമാണ്. അത് അന്തർദേശീയ തലത്തിൽ തന്നെ രാജ്യത്തിന് അപഖ്യാതി ഉണ്ടാക്കും. ഹിജാബ് കേസ് വിശാലബെഞ്ചിനു വിട്ടിരിക്കുകയാണ്. സുപ്രിംകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. വിധിക്കുവേണ്ടി കാത്തിരിക്കുന്നു’ അദ്ദേഹം പറഞ്ഞു.