X
    Categories: indiaNews

ഹിജാബ് വിവാദം കര്‍ണാടകയുടെ ‘പഠന മികവിനെ’ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

ശരീഫ് കരിപ്പൊടി കാസര്‍കോട്

അടിക്കടിയുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളും വിദ്വേഷ പ്രചാരണങ്ങളും കര്‍ണാടക സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പൊതുവില്‍ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് മികവു പുലര്‍ത്തിയിരുന്ന ജില്ലകള്‍ ആ രംഗത്ത് പിന്നോക്കം പോകുന്നതായായാണ് സമീപകാലത്തെ പഠന ഫലങ്ങളും വിജയ ശതമാനങ്ങളും പ്രകടമാക്കുന്നത്. ഐടി മേഖലയിലും ഐടി ബിസിനസ് മേഖലയിലും ഇത്തരം വര്‍ഗീയ വിദ്വേഷ സംഘര്‍ഷങ്ങളും ഹിന്ദുത്വ ഗ്രൂപ്പുകളുടെ അക്രമണങ്ങളും വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ ഗ്രാഫ് ഇടിയുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നും ഒട്ടനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നതുമായ ഉഡുപ്പി ബുദ്ധിജീവികളുടെ ജില്ലയെന്ന് അറിയപ്പെട്ടിരുന്നു. വിദ്യാഭ്യാസ പുരോഗതിയില്‍ അഭിമാനിക്കുന്ന കേന്ദ്രങ്ങളും കൂടിയായിരുന്നു ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകള്‍. എസ്എസ്എല്‍സി, പിയുസി, യൂണിവേഴ്സിറ്റി ഫലങ്ങളിലും മുന്‍നിര ജില്ലകളായിരുന്നു ഇവ. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉഡുപ്പി, ദക്ഷിണ ജില്ലകളെ പിടിച്ചുലച്ച ഹിജാബും കാവി ഷാളും സംബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഇരു ജില്ലകളുടെയും പേരും പെരുമയും തകര്‍ക്കുന്നതായി.

ഈവര്‍ഷം എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ ദക്ഷിണ കന്നഡ 20-ാം റാങ്ക് നേടിയപ്പോള്‍ ഉഡുപ്പിക്ക് 13-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2018-ല്‍ 88.18%, 2019-ല്‍ 87.97%, 2020-ല്‍ 99.9% എന്നിങ്ങനെയായിരുന്നു ഉഡുപ്പിയിലെ എസ്എസ്എല്‍സി വിജയശതമാനം. ഈവര്‍ഷം അത് 87 ശതമാനത്തിലെത്തി.

പരിശീലനം പതിവുപോലെ മികച്ചതായിരുന്നുവെങ്കിലും ഹിജാബിന്റെയും ഷാളിന്റെയും സമീപകാല വിവാദങ്ങള്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ കുട്ടികളുടെ മനസിനെ ബാധിക്കുകയും ഫലങ്ങളും പഠിക്കാനെത്തുന്നവരുടെ എണ്ണവും കുറയ്ക്കുകയും ചെയ്തതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.ഉഡുപ്പി പ്രീ-യൂണിവേഴ്സിറ്റി കോളജില്‍ ആറു വിദ്യാര്‍ഥികളുമായി തുടങ്ങിയാണ് ഹിജാബ് വിവാദം സംസ്ഥാനമൊട്ടാകെ പടര്‍ന്നത്.

ഇതേതുടര്‍ന്ന് നിരവധി കലാപങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും കര്‍ണാടക സാക്ഷ്യം വഹിച്ചു. ഹിജാബ്, ഹലാല്‍ വിവാദങ്ങളുടെയും വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളുടെയും പ്രഭവ കേന്ദ്രങ്ങളായി കര്‍ണാടക മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ തമിഴ്‌നാട്ടിലേക്ക് കൂടുമാറുന്നതുമായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Chandrika Web: