ഹിജാബ് ധരിക്കുവാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസ്സം ആകാന്‍ അനുവദിക്കുന്നതിലൂടെ നാം ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കര്‍ണാടകയില്‍ കൂടുതല്‍ കോളേജുകള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാകാതെ രിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിജാബ് ധരിക്കുവാനുള്ള അവകാശത്തിനായി കര്‍ണാടകയില്‍ പ്രതിഷേധം ഇന്നും കനക്കുന്നു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ തീരദേശ പട്ടണമായ കുന്താപുറിലെ സ്വകാര്യ കോളേജിനു മുന്‍പില്‍ ഇന്ന് രാവിലെയോടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളേജില്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധത്തിന് പിന്തുണയുമായി നാല്‍പതോളം മുസ്ലിം ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രതിഷേധിച്ചു.
കര്‍ണാകടയിലെ ഹിജാബ് നിരോധനം കൂടുതല്‍ കാമ്പസുകളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പി കുന്താപുര ഗവ. കോളേജില്‍ ഇന്നലെ ശിരോവസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. രാവിലെ പ്രിന്‍സിപ്പാള്‍ തന്നെയാണ് ഇവര്‍ക്ക് മുന്നില്‍ ഗേറ്റടച്ചത്. ശിരോവസ്ത്രം ഒഴിവാക്കിയാല്‍ ക്ലാസ്സില്‍ കയറ്റാമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇതോടെ ക്ലാസ്സ് തീരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ശിവമൊഗ്ഗ ഭദ്രാവതിസര്‍ എം.വി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും ചിക്കമഗളൂരു കൊപ്പ ബലഗാഡി ഫസ്റ്റ് ഗ്രേഡ് കോളേജിലും മുസ്ലിം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. ശിരോവസ്ത്ര നിരോധനം നടപ്പാക്കുന്നതിന് വേണ്ടി എ.ബി.വി.പിക്കാര്‍ കാവി ഷാള്‍ ധരിച്ചെത്തിയാണ് കാമ്പസുകള്‍ പ്രശ്നമുണ്ടാക്കുന്നത്. ഇതോടെ കാവി ഷാളും ഹിജാബും വേണ്ടെന്ന് കോളേജ് അധികാരികള്‍ പ്രസ്താവനയിറക്കുകയാണ്. ബി.ജെ.പി നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.