ലക്ഷദ്വീപില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ വീണ്ടും ഉത്തരവിറക്കി. വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് എത്തിയതിന്റെ ചിത്രവും യൂണിഫോം ധരിക്കാത്തവരുടെ എണ്ണവും ദിവസവും പ്രിന്‍സിപ്പല്‍മാര്‍ ശേഖരിക്കണമെന്നും വ്യാഴാഴ്ച ഇറക്കിയ ഉത്തരവിലുണ്ട്.
ഈ അധ്യയനവര്‍ഷം ആദ്യമായി ദ്വീപ് സന്ദര്‍ശിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, വിദ്യാര്‍ഥിനികള്‍ യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്‌കൂളുകളില്‍ വരുന്നത് കണ്ടപ്പോഴാണ് അത് അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഹിജാബ് വിലക്കണമെങ്കില്‍ അതുസൂചിപ്പിച്ച് കര്‍ശന നിര്‍ദേശമുള്ള ഉത്തരവ് വേണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെയാണ് പുതുക്കിയ ഉത്തരവിറക്കിയത്. നിര്‍ദേശം ഭൂരിഭാഗം സ്‌കൂളുകളിലും നടപ്പാകാത്തതോടെയാണ് പുതിയ ഉത്തരവ് ഇറക്കിയതെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നു.