X
    Categories: indiaNews

കര്‍ണാടകയിലെ ഹിജാബ് നിരോധനം; ഹൈക്കോടതിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കും

ന്യൂഡല്‍ഹി:വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജികള്‍ പരിഗണിക്കാമെന്ന് സമ്മതിച്ച് സുപ്രീംകോടതി.

ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീനാക്ഷി അറോറയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ച് ശ്രദ്ധിക്കുകയും ‘ഞാന്‍ അത് ലിസ്റ്റ് ചെയ്യും. രണ്ട് ദിവസം കാത്തിരിക്കൂ,’ എന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു.ഇസ്ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നുമായിരുന്നു ഹൈക്കോടതി വിധിച്ചത്. ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്സിറ്റി മാനേജ്മെന്റ് നടപടി എടുത്തിരുന്നു. തുടര്‍ന്ന് ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Chandrika Web: