ബെംഗളൂരു: കര്‍ണാടകയില്‍ ഇന്നലെ ആരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒരിടത്തും ഹിജാബ് അനുവദിച്ചില്ല. ഇതുമൂലം നിരവധി വിദ്യാര്‍ഥികള്‍പരീക്ഷയെഴുതാതെ മടങ്ങി. ചിലയിടങ്ങളില്‍ ഹിജാബ് അഴിച്ചുവച്ച് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുമുണ്ട്.
പരീക്ഷാഹാളില്‍ ഹിജാബ് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കിയിരുന്നു. പരീക്ഷയെഴുതാനാകാതെ വിദ്യാര്‍ഥികള്‍ മടങ്ങുന്നതിന്റെയും പരീക്ഷാഹാളില്‍ ഹിജാബ് അഴിപ്പിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ബഗല്‍കോട്ടില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ അധികൃതര്‍ ഹിജാബ് ധരിച്ചതിനാല്‍ തിരിച്ചയക്കുന്നത് ഒരു വിഡിയോയില്‍ കാണാം. ശിവമോഗയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു.
ഇത് ചോദ്യം ചെയ്യുന്ന പെണ്‍കുട്ടിയുടെ വിഡീയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ ഹിജാബ് ധരിച്ചാണ് വളര്‍ന്നത്, ഞങ്ങള്‍ക്ക് അത് ഉപേക്ഷിക്കാന്‍ കഴിയില്ല. ഞാന്‍ പരീക്ഷ എഴുതില്ല, ഞാന്‍ വീട്ടിലേക്ക് പോകും- പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചിക്കമംഗളൂരുവിലെ ഇന്ദവര സര്‍ക്കാര്‍ സ്‌കൂളിലും മുസ്‌ലിം പെണ്‍കുട്ടികളെ തിരിച്ചയച്ചു. രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ഉത്തരവ് രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂള്‍ അധികൃതരെ പിന്തുണച്ച് ഹിന്ദുത്വരും രംഗത്തെത്തിയതോടെ പ്രിന്‍സിപ്പല്‍ സ്‌കൂളിന് അവധി നല്‍കി. ചിക്കമംഗളൂരു നഗരത്തിലെ മറ്റൊരു സ്ഥാപനത്തില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. ഹൂബ്ലിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഹിജാബ് അഴിച്ചാണ് വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതിയത്.
മറ്റൊരു സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ പൂക്കള്‍ നല്‍കി അധികൃതര്‍ സ്വീകരിക്കുന്നത് കാണാം. ഇതില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ക്കും പൂക്കള്‍ നല്‍കിയിരുന്നെങ്കിലും പരീക്ഷാഹാളില്‍ ഇവര്‍ക്ക് ഹിജാബ് അഴിച്ചുവയ്‌ക്കേണ്ടിവന്നെന്ന് മാധ്യമപ്രവര്‍ത്തക നിഖില ഹെന്റി ട്വീറ്റ് ചെയ്തു.