X

ഹിജാബ് നിരോധനം;ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികളുടെ വിവരങ്ങള്‍ പരസ്യമാക്കി ബി.ജെ.പി

ബെംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ ഹര്‍ജി നല്‍കിയ വിദ്യാര്‍ത്ഥിനികളുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കി ബി.ജെ. പി. രാഷ്ട്രീയ ലക്ഷ്യത്തിനായി കോണ്‍ഗ്രസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് കര്‍ണാടക ബി.ജെ.പി യൂണിറ്റ് വിദ്യാര്‍ത്ഥിനികളുടെ പേരും വിലാസവും അടക്കം ട്വീറ്റ് ചെയ്തത്.സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ബി. ജെ.പിയുടെ ഹീനകൃത്യത്തെ അപലപിച്ച് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. ‘നാണമില്ലാത്ത ബി.ജെ. പിക്കാര്‍ പ്രതിപക്ഷത്തെ ആക്രമിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിലാസവും വിവരങ്ങളും പരസ്യപ്പെടുത്തുകയാണെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് എത്രമാത്രം നിര്‍വികാരവും ദയനീയവുമാണെന്ന് നിങ്ങള്‍ മനസിലാക്കുന്നുണ്ടോ?- പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ബി.ജെ.പിയുടെ വിവാദ ട്വീറ്റ് നീക്കം ചെയ്യണമെന്നും ട്വിറ്റര്‍ ഇന്ത്യയെ ടാഗ് ചെയ്ത പോസ്റ്റില്‍ അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി മന്ത്രാലയം ഇടപെടണമെന്നും ശിവസേന എം.പി പറഞ്ഞു.

കശ്മീരി വിദ്യാര്‍ത്ഥികളുടെ
വിവരം ശേഖരിച്ച് പൊലീസ്

ബെംഗളൂരു: ഹിജാബ് വിവാദങ്ങള്‍ക്കിടെ കര്‍ണാടകയില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികളുടെ വിവരം ശേഖരിച്ച് പൊലീസ്. ചില വിദ്യാര്‍ത്ഥികളെ സ്‌റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തി തിരിച്ചറിയില്‍ രേഖകളും മറ്റും പരിശോധിക്കുകയും ചെയ്തു. വീട്ടുവിലാസം, പഠന പശ്ചാത്തലം, മാതാപിതാക്കളുടെ സംഘടനാ ബന്ധങ്ങള്‍ അടക്കം ശേഖരിക്കാന്‍ കോളജുകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.

വിവരങ്ങള്‍ കൃത്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോളജുകള്‍ വഴി വിദ്യാര്‍ത്ഥിനികള്‍ക്ക് നോട്ടീസ് നല്‍കി. ഉഡുപ്പിയിലും ശിവമൊക്ഷയിലും കശ്മീരി വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവരുടെ തിരിച്ചറിയില്‍ രേഖ പരിശോധിച്ചു. പങ്കെടുത്ത പ്രതിഷേധങ്ങളുടെ വിവരങ്ങളും തേടി. ദേശസുരക്ഷ കണക്കിലെടുള്ള നടപടി എന്നാണ് പൊലീസ് വിശദീകരണം. അതേ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്നലെയും ക്ലാസ് ബഹിഷ്‌കരിച്ചു.

കലബുറഗി ഉര്‍ദു ഗേള്‍സ് സ്‌കൂളില്‍ ഹിജാബ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 80 വിദ്യാര്‍ത്ഥിനികളാണ് ക്ലാസ് ബഹിഷ്‌കരിച്ചത്. ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥി പോലും ഇല്ലാത്തതിനാല്‍ അധ്യാപികയ്ക്ക് ഓണ്‍ലൈനിലൂടെ പഠിപ്പിക്കേണ്ടി വന്നു.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല. ചില സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചെത്തിയ അധ്യാപകരെയും തടഞ്ഞു.

Test User: