മീററ്റ്: യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും കൂട്ടബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത പൊലീസ് കൊലപാതക കാരണം ആരാഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന മറുപടിയാണ് പൊലീസിനു ലഭിച്ചത്. തമാശയ്ക്കുവേണ്ടിയാണ് കുറ്റകൃത്യം ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം കേസിലെ മൂന്നാം പ്രതി ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
ജനുവരി രണ്ടിന് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പതിനാറുകാരിയെ ബുലന്ദശഹറിലെ ദേശീയപാത-91 വെച്ച് കാറില്‍ തട്ടികൊണ്ടു പോകുകയും കൂട്ടബലാല്‍സംഗത്തിനു ഇരയാക്കിയശേഷം കൊലപ്പെടുത്തി ഗ്രേറ്റര്‍ നോയിഡയിലെ ബില്‍ അക്ബര്‍പൂര്‍ ഗ്രാമത്തിലെ കനാലില്‍ മൃതദേഹം തള്ളിയത്.
മദ്യപാനത്തിനൊപ്പം സിനിമ കണ്ടുകൊണ്ടിരിക്കെ തമാശയ്ക്കുവേണ്ടി ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു പ്രതികള്‍. ഹൈവേയില്‍വച്ച് ഒരു പെണ്‍കുട്ടിയെ കണ്ട ഇവര്‍, പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. അതിനുശേഷം പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപത്തെ കനാലില്‍ തളളുകയായിരുന്നു. കേസ് അന്വേഷിച്ച പൊലീസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് സ്ത്രീകള്‍ക്കക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹിക്കാണ്. 15,310 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 3,891 തട്ടിക്കൊണ്ടുപോകല്‍, 2,155 ബലാല്‍സംഗ കേസുകളുമാണ്.