X

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ എഴുതിയവര്‍ക്ക് ഇപ്രൂവ്മെന്റിന് അവസരം നല്‍കണം: ബാലാവകാശ കമ്മീഷന്‍

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ കമ്മീഷന്‍ അംഗങ്ങളായ ബി. ബബിത, റെനി ആന്റണി എന്നിവരുടെ ഫുള്‍ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ലഭിച്ച മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുളള അവസരം നിഷേധിക്കുന്നത് അവരുടെ മാനസിക പിരിമുറുക്കവും ഭാവിയെ കുറിച്ചുളള ഉത്കണ്ഠയും കൂട്ടും. മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം ഒരു വര്‍ഷത്തേക്ക് മാത്രം ഇല്ലാതാക്കാന്‍ പാടില്ല.

കോവിഡ് രോഗവ്യാപന ഭീതിയില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുളള അവസരം നിഷേധിക്കുന്നത് കുട്ടികള്‍ക്കായുളള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനമായാണ് കമ്മീഷന്‍ കാണുന്നത്. ഈ സാഹചര്യത്തിലാണ് പരിമിതമായ സമയം ക്രമീകരിച്ച് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഉദ്ദേശിച്ച മാര്‍ക്ക് ലഭിക്കാത്തത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് തടസമാകും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ കമ്മീഷന് ലഭിച്ച സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ അവസരം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിന്‍മേല്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

 

Test User: