X

ഉയര്‍ന്ന പെന്‍ഷന്‍; ജോയിന്റ് ഒപ്ഷന്‍ ഉത്തരവ് പുറത്തിറക്കി

ന്യൂഡല്‍ഹി: 2014 സെപ്തംബര്‍ ഒന്നിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരോ നിലവില്‍ സര്‍വീസില്‍ തുടരുന്നവരോ ആയ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ജോയിന്റ് ഒപ്ഷന്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇ.പി.എഫ്.ഒ. സുപ്രീംകോടതി അനുവദിച്ച നാലു മാസത്തെ കാലപരിധി അവസാനിരിക്കാന്‍ 11 ദിവസം മാത്രം ശേഷിക്കെയാണ് മാര്‍ഗനിര്‍ദേശം അടങ്ങിയ സര്‍ക്കുലര്‍ പുറത്തുവിട്ടത്. ഇ.പി.എഫ്.ഒ യൂണിഫൈഡ് മെമ്പര്‍ പോര്‍ട്ടല്‍ ഇന്റര്‍ഫേസില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഒപ്ഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് നാലിനാണ് ഉയര്‍ന്ന പെന്‍ഷന് അനുവദിക്കാനുള്ള കാലാവധി അവസാനിക്കുന്നത്. ഉത്തരവിറക്കാന്‍ വൈകുന്നതില്‍ ഇ.പി.എഫ്.ഒക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നീക്കം.

ഉയര്‍ന്ന പെന്‍ഷനു വേണ്ടി യഥാര്‍ത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയിലുള്ള കൂടിയ വിഹിതം പിടിച്ചുകൊള്ളാന്‍ അനുമതി നല്‍കി തൊഴിലാളിയും തൊഴിലുടമയും നല്‍കുന്ന സമ്മതപത്രമാണ് ജോയിന്റ് ഒപ്ഷന്‍. ജോയിന്റ് ഒപ്ഷന്‍ സ്വീകരിക്കുന്നതിന് ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. ഫെബ്രുവരി 20 തിയതി വച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്.

ഫീല്‍ഡ്
ഓഫീസര്‍മാര്‍ക്കുള്ള
നിര്‍ദേശങ്ങള്‍

1. 5000 അല്ലെങ്കില്‍ 6500ല്‍ കൂടുതല്‍ ശമ്പളമുള്ള തൊഴിലാളികളും തൊഴിലുടമകളുമാണ് ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കേണ്ടത്.
2. ഇ.പി.എസ് 1995ലെ പാര 11 (3), അല്ലെങ്കില്‍ പാരാ 11 (4).., ഇവയില്‍ ഏതെങ്കിലും ഒന്ന് പ്രകാരമാണ് ഒപ്ഷന്‍ സമര്‍പ്പിക്കേണ്ടത്.
3. ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കുന്ന തൊഴിലാളികള്‍ 2014 സെപ്തംബര്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവരും 2014 സെപ്തംബര്‍ ഒന്നു വരേയോ അതിനു ശേഷമോ സര്‍വീസില്‍ തുടര്‍ന്നവരോ ഇപ്പോഴും തുടരുന്നവരോ ആയിരിക്കണം.

തൊഴിലാളി
നിര്‍ദേശങ്ങള്‍

തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലുടമകളുമായി ചേര്‍ന്ന് ഉയര്‍ന്ന പെന്‍ഷനു വേണ്ടിയുള്ള ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. 2014 സെപ്തംബര്‍ 1നോ അതിനു മുമ്പോ ഇ.പി.എസ് വരിക്കാരായവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഒപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്. വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കും. നിര്‍ദേശം ലഭിച്ചു കഴിഞ്ഞാല്‍ റീജിയണല്‍ പി.എഫ് കമ്മീഷണര്‍മാര്‍ ഇത് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുകയും ബാനറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് വലിയ പ്രചാരം നല്‍കുകയും ചെയ്യണം. നേരത്തെ മുതല്‍ ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടക്കുകയും നിലവില്‍ ഉയര്‍ന്ന പെന്‍ഷന്‍ ഒപ്ഷന്‍ നല്‍കിയിട്ടില്ലാത്തവരും ആയ തൊഴിലാളികള്‍ ഉയര്‍ന്ന പെന്‍ഷനായി ഇ.പി.എഫ്.ഒ റീജിയണല്‍ ഓഫീസുകളില്‍ ഔപചാരികമായി ഉയര്‍ന്ന പെന്‍ഷന്‍ ഒപ്ഷന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. അതേസമയം ഉയര്‍ന്ന വിഹിതം നല്‍കിയിട്ടില്ലാത്തവര്‍ ഈ തുക പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ഈടാക്കുന്നതിനുള്ള സമ്മതം കൂടി ജോയിന്റ് ഒപ്ഷനൊപ്പം നല്‍കണം.

 

 

webdesk11: