X

മലബാറിലെ ഉപരിപഠന പ്രതിസന്ധി;മുസ്‌ലിംലീഗ് നാളെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കും

കോഴിക്കോട്: മലബാറിലെ ഉപരിപഠന പ്രതിസന്ധി പരിഹരിക്കാൻ മുസ്‌ലിംലീഗ് സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രക്ഷോഭത്തിന് നാളെ  തുടക്കമാകും. പഠിക്കാൻ സീറ്റില്ലാതെ വിദ്യാർത്ഥികൾ വലയുമ്പോൾ യാതൊരു ഇടപെടലും നടത്താത്ത സർക്കാർ നിലപാടിനെതിരെ മുസ്‌ലിംലീഗ് മലബാർ ജില്ലകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കും.

പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് സൗകര്യമില്ലാതെ നട്ടംതിരിയുന്നത്. എസ്.എസ്.എൽ.സിക്ക് മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾ പോലും ഹയർ സെക്കണ്ടറി പഠനത്തിന് സീറ്റില്ലാതെ വിഷമിക്കുകയാണ്. അഡ്മിഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ല. മുറവിളികളെല്ലാം ബധിര കർണ്ണങ്ങളിലാണ് പതിയുന്നത്. സംസ്ഥാന സർക്കാറിന്റെ ഈ ധിക്കാരത്തിനെതിരെയാണ് മുസ്‌ലിംലീഗ് പ്രതിഷേധം.

മൂന്നാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാർ ജില്ലകളിൽ 43,000 വിദ്യാർത്ഥികൾ സ്‌കൂളിന്റെ പടിക്ക് പുറത്ത് നിൽക്കുകയാണ്. ഗുരുതരമായ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി സമരം ചെയ്യുന്ന എം.എസ്.എഫ് പ്രവർത്തകരെ പോലീസ് തല്ലിച്ചതക്കുകയാണ്. പ്രശ്‌നം പരിഹരിക്കുന്നത് വരെ മുസ്‌ലിംലീഗ് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ഉപരോധ സമരം വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

webdesk13: