ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചു കയറിയ 20,000 തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് മൊത്തത്തില്‍ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അതേസമയം ഏതെങ്കിലും വാര്‍ഡുകൡലെ ജനവിധി സംബന്ധിച്ച് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ എതിര്‍ കക്ഷികള്‍ക്കോ ആക്ഷേപമുണ്ടെങ്കില്‍ ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ഭീഷണിപ്പെടുത്തിയും മറ്റും തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നാരോപിച്ചാണ് സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും കോടതി കയറിയത്. എതിര്‍ പാര്‍ട്ടികളിലുള്ളവര്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും ഭീഷണിപ്പെടുത്തി തൃണമൂല്‍ ഇതിനെ ചെറുത്തതായും ഇതാണ് ഇത്രയധികം സീറ്റുകളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാതിരിക്കാന്‍ കാരണമെന്നും ഈ കക്ഷികള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭരണഘടനയുടെ 142ാം വകുപ്പനുസരിച്ച് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ വോട്ടെടുപ്പ് നടന്ന് 30 ദിവസത്തിനകം പരാതി നല്‍കിയിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും പരാതി നല്‍കിയത് ഈ കാലാവധി കഴിഞ്ഞ ശേഷമാണ്. അതുകൊണ്ടുതന്നെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും നേരിയ തോതില്‍ ആശ്വാസം നല്‍കുന്നതാണ് കോടതി വിധി. അതേസമയം 20,000 സീറ്റില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുക എന്നത് ഗൗരവമുള്ളതും ഗുരുതരവുമായ സാഹചര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് വ്യാപക പരാതി ഉയരുകയും ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടക്കുകയും ചെയ്ത പശ്ചാത്തലം പരിശോധിക്കണമെന്ന് പശ്ചിമബംഗാള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു.
ഇതേ വിഷയത്തില്‍ സി.പി. എം നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇ മെയില്‍, വാട്‌സ് ആപ് തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്ന് കാണിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കി. ജനപ്രാതിനിധ്യ നിയമത്തില്‍ ഇലക്ട്രോണിക് മീഡിയ വഴി പത്രിക സ്വീകരിക്കാന്‍ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി ഉത്തരവ്.
ത്രിതല തദ്ദേശ സമിതികളിലെ 58,692 വാര്‍ഡുകളിലാണ് കഴിഞ്ഞ മെയ് മാസം തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 20,159 സീറ്റിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഭൂരിഭാഗം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. നേരത്തേ കേസ് പരിഗണിക്കവെ, ഇത്രയധികം സീറ്റുകളില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിരുന്നോയെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു. മൊത്തം സീറ്റിന്റെ 33 ശതമാനത്തോളം സീറ്റുകളിലാണ് എതിരാളികള്‍ ഇല്ലാതിരുന്നതെന്നും ഇതിനെ അപകടകരമായ സാഹചര്യമായി കണക്കാക്കേണ്ടതില്ലെന്നുമുള്ള മറുപടിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ കോടതിയില്‍ നല്‍കിയത്.