കൊച്ചി: ലക്ഷദ്വീപ് അഡ്മ്‌നിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.സ്‌കൂളുകളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് എന്നിവയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ രണ്ട് ഉത്തരവുകളിലും കേന്ദ്രം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ദ്വീപ് നിവാസിയായ അജ്മലാണ് ഹര്‍ജി നല്‍കിയത്.
കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സമയം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഈ രണ്ട് വിവാദ ഉത്തരവുകള്‍ക്ക് എതിരെ ദ്വീപില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.