മുംബൈ: നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കങ്കണയുടെ പരാതിയില്‍ വിശദീകരണം നല്‍കാനും മുംബൈ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടി ആരംഭിച്ചത്. ഇതു സംബന്ധിച്ച് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് നോട്ടീസില്‍ കോര്‍പ്പറേഷന്‍ ആരോപിക്കുന്നത്. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം പൊളിച്ചുനീക്കുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിരുന്നു.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിക്കല്‍ നടപടിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ പരാതിയിലാണ് കോടതി കോര്‍പ്പറേഷന്‍ നടപടി സ്‌റ്റേ ചെയ്തത്.
അതിനിടെ, കങ്കണ ഹിമാചല്‍ പ്രദേശില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തി. കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള മുദ്രാവാക്യങ്ങളുമായി നിരവധി പ്രതിഷേധക്കാരാണ് വിമാനത്താവളത്തിന് പുറത്തുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.