X

സംസ്ഥാനത്ത് അനധികൃത കുടിവെള്ള പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അനധികൃത കുടിവെള്ള പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. കുപ്പിവെള്ള യൂണിറ്റുകള്‍ക്ക് നിയമാനുസൃതമായ ലൈസന്‍സ്, മറ്റ് അനുമതികള്‍ എന്നിവയുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

പുതിയ കുപ്പിവെള്ള യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ബന്ധപ്പെട്ട ചട്ടങ്ങള്‍ പ്രകാരമുള്ള നിലവാരം നിലനിര്‍ത്താന്‍ നിര്‍ദേശം നല്‍കണം. കൂടാതെ, ബന്ധപ്പെട്ട അധികൃതരില്‍നിന്ന് ആവശ്യമായ അനുമതികളും ക്ലിയറന്‍സും മറ്റും നേടിയതിനു ശേഷമാണ് പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് 106 കുപ്പിവെള്ള പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 20 എണ്ണത്തിനു കൂടി സര്‍ക്കാര്‍ അനുമതി നല്‍കാനൊരുങ്ങുകയാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. നിലവാരം സംബന്ധിച്ച സര്‍ക്കാര്‍ മുദ്രയില്ലാതെ, ഐസ് ബാറുകളും കുപ്പിവെള്ളവും കേരളത്തിലാകെ വിതരണം ചെയ്യുന്നുണ്ടെന്നും ഈ യൂണിറ്റുകള്‍ ക്രമേണ കുടില്‍ വ്യവസായമായി മാറുകയാണെന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു.

 

 

Test User: