കൊച്ചി: കൊച്ചിയില്‍ മഴ പെയ്താല്‍ വെള്ളം കയറും പുറത്തിറങ്ങിയാല്‍ പട്ടി കടിക്കുമെന്ന അവസ്ഥയാണെന്നും പരിഹസിച്ച് ഹൈക്കോടതി. ജില്ലയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരിഹാസം. കൊച്ചിയിലെ വെള്ളക്കെട്ടിനെയും തെരുവുനായ ശല്യത്തെയും പരാമര്‍ശിച്ചായിരുന്നു കോടതിയുടെ പ്രതികരണം.
കോര്‍പ്പറേഷന്റെ ലാഘവമാണ് വെള്ളക്കെട്ടിനു കാരണം. അഴുക്കുചാലുകള്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കിയാല്‍ ഒരു പരിധിയിലധികം പ്രശ്‌നം പരിഹരിക്കാനാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോര്‍പ്പറേഷന്‍ മാറണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഹൈക്കോടതി. റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ നമുക്ക് എന്തിനാണ് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരെന്് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ എഞ്ചിനിയര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, ആലുവ-പെരുമ്പാവൂര്‍ റോഡ് രണ്ടാഴ്ചക്കകം നന്നാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.