തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി വാര്‍ഡുകളില്‍ കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. വയോജന മന്ദിരങ്ങളിലും കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ മൂന്ന് മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.