തൃശൂര്‍: കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശൂര്‍ ചെമ്പൂച്ചിറ ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു. മൂന്ന് കോടി 84 ലക്ഷം മുടക്കി പണിത കെട്ടിടത്തിന്റെ രണ്ടാംനിലയാണ് പൊളിക്കുന്നത്. നിര്‍മാണത്തിലെ അപാകതയാണ് കെട്ടിടം പൊളിക്കാനുള്ള കാരണം.
കഴിഞ്ഞവര്‍ഷം ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗവും ക്വാളിറ്റി വിഭാഗവും നടത്തിയ പരിശോധനകളിലാണ് അപാകതകള്‍ കണ്ടെത്തിയത്. ഉപയോഗിച്ച മണല്‍, പ്ലാസ്റ്ററിങ്, കോണ്‍ക്രീറ്റിങ് എന്നിവയില്‍ പോരായ്മകളുണ്ടെന്നായിരുന്നു കണ്ടെത്തല്‍. നേരത്തെ കെട്ടിടനിര്‍മാണത്തിലെ അപാകതകള്‍ നാട്ടുകാരും ചൂണ്ടികാണിച്ചിരുന്നു. കൈകൊണ്ട് തൊടുമ്പോള്‍ സിമന്റ് ഇളകുന്ന നിലയിലായിരുന്നു കെട്ടിടം. മുന്‍ വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തില്‍പെട്ടതാണ് ഈ സ്‌കൂള്‍.
2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച നിര്‍മാണത്തില്‍ 15 ക്ലാസ് റൂം, ലാബ്, ടോയ്‌ലറ്റ്, ലൈബ്രറി, അടുക്കള, ഡൈനിംഗ് ഹാള്‍, ബസ് ഷെഡ് എന്നിവയാണുള്ളത്. 2019 ജൂണ്‍ അഞ്ചിന് ഒന്നാം ഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ നിര്‍മിച്ച രണ്ടാം നിലയിലെ അഞ്ച് ക്ലാസ് മുറികള്‍ക്കാണ് പിന്നീട് അപാകത കണ്ടെത്തിയത്. മാര്‍ച്ച് 21 മുതലാണ് കെട്ടിടം പൊളിക്കല്‍ നടപടി ആരംഭിച്ചത്. മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തില്‍ പണിത സ്‌കൂള്‍ കെട്ടിടം നിര്‍മാണത്തിലെ അപാകത മൂലം പൊളിക്കേണ്ടി വരുന്നത് വലിയ നാണക്കേടായിരിക്കുകയാണ്.