X

ഷാര്‍ജ-ഖോര്‍ഫക്കാന്‍ യാത്ര സുഗമമാക്കി പുതിയ ഹൈ സ്പീഡ് റോഡ്

 

ഷാര്‍ജ-ഖോര്‍ഫക്കാന്‍ സഞ്ചാരം എളുപ്പവും സുഖകരവുമാക്കി പുതിയ റോഡ് നാടിന് സമര്‍പ്പിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ മെംബറും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഈ അതിവേഗ പാത ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഞ്ചു കൂറ്റന്‍ തുരങ്കങ്ങളിലൂടെ കടന്നു പോകുന്ന റോഡ് എന്ന പ്രത്യേകതയും പുതിയ ഷാര്‍ജ-ഖോര്‍ഫക്കാന്‍ പാതക്കുണ്ട്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്ക പാത കൂടിയാണിത്. ആകെ 89 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണീ പാത. നേരത്തെ, ഷാര്‍ജ നഗരത്തില്‍ നിന്നും 108 മിനുട്ടെടുത്ത് സഞ്ചരിച്ചിരുന്ന ഈ റൂട്ടിലെ ദൂരം പുതിയ പാതയിലൂടെ 45 മിനുട്ട് കൊണ്ട് പിന്നിടാന്‍ കഴിയും.
ഷാര്‍ജ-ഖോര്‍ഫക്കാന്‍ പാതയിലെ അല്‍സിദ്‌റ ടണല്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കമായാണ് കണക്കാക്കുന്നത്. ഇത് കൂറ്റന്‍ മല തുരന്നാണ് നിര്‍മിച്ചിരിക്കുന്നത്. 2.7 കിലോ മീറ്ററാണ് അല്‍ സിദ്‌റ ടണലിന്റെ ദൂരം. 1.3 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള അല്‍സഖാബ്, 1.3 കിലോ മീറ്റര്‍ ദൂരം വരുന്ന അല്‍ റൂഗ്, യഥാ ക്രമം 0.9, 0.3 കിലോ മീറ്റര്‍ നീളമുള്ള അല്‍ ഗസ്സര്‍, അല്‍ സഹാ തുരങ്കവും റോഡിന്റെ ഭാഗമാണ്. ജനങ്ങള്‍ക്കുള്ള ഷാര്‍ജ ഭരണകൂടത്തിന്റെ സമ്മാനമായാണ് സ്വദേശീ-വിദേശീ വ്യത്യാസമില്ലാതെ ജനം പദ്ധതിയെ പുകഴ്ത്തിയത്.

chandrika: