X

ഓപ്പറേഷൻ ഡെസിബെൽ:കാതടപ്പിക്കും ഹോണടി വേണ്ട, പിടി വീഴും

കോഴിക്കോട്: കാതടപ്പിക്കുന്ന ഹോണടി വേണ്ട. പിടി വീഴും. പരിശോധന ശക്തമാക്കി ട്രാഫിക് പൊലീസ്. ശബ്ദമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർവാഹന വകുപ്പ് ഓപ്പറേഷൻ ഡെസിബെൽ എന്ന പേരിൽ വാഹനപരിശോധന നടത്തിയിരുന്നു. അനധികൃതമായി എയർ ഹോണുകൾ പിടിച്ചെടുക്കുകയും നിരോധിത മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നതിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പരിശോധന കുറഞ്ഞതോടെ നിയമ ലംഘനവും കൂടിയിരിക്കുകയാണ്.

പരിശോധനയ്ക്ക് അൽപ്പം അയവ് വന്നതോടെയാണ് നിരോധിത എയർ ഹോണുകൾ നിരത്തുകളിൽ സജീവമായത്. ഇതോടെയാണ് പരിശോധന ശക്തമാക്കാൻ ട്രാഫിക് പൊലീസ് തീരുമാനിച്ചത്. ചെറിയ ഗതാഗതക്കുരുക്കിൽ പോലും ഇപ്പോൾ ഹോണുകളുടെ ശബ്ദ കോലാഹലമാണ്.

തൊണ്ടയാട്, പുതിയ ബസ് സ്റ്റാൻഡ്, പാളയം, മാവൂർ റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം വാഹനങ്ങളുടെ ശബ്ദകോലാഹലം രൂക്ഷമാണ്. എത്ര തിരക്കുള്ള റോഡിലും ചെറിയ വാഹനങ്ങളുടെ പിന്നിലെത്തി ഹോണടിച്ച് പേടിപ്പിക്കുന്നത് പല ഡ്രൈവർമാരുടേയും ഇഷ്ട വിനോദമായി മാറിയിരിക്കുകയാണ്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നതും പതിവാകുകയാണ്.എയർഹോൺ നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എയർഹോൺ ഇല്ലെങ്കിലും വലിയ ശബ്ദമുള്ള മറ്റ് ഹോണുകൾ ബസ്, ലോറി, ഓട്ടോറിക്ഷ മുതൽ എല്ലാ വാഹനത്തിലുമുണ്ട്.

ഇരുചക്രവാഹനങ്ങൾക്ക് 80 ഡെസിബെലും പാസഞ്ചർ കാറുകൾക്കും പെട്രോളിൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കും 82 ഡെസിബെലുമാണ് അനുവദനീയമായ ശബ്ദ പരിധി .70 ഡെസിബെലിൽ കൂടുതലുള്ള ശബ്ദം കേൾവിക്ക് തകരാർ ഉണ്ടാക്കും. 90 മുതൽ 95 ഡെസിബൽ വരെ ശബ്ദം തുടർച്ചയായി കേട്ടാൽ ചിലപ്പോൾ കേൾവി തകരാറിലാവും. 120 ഡെസിബെലിന് മുകളിലാണെങ്കിൽ താത്ക്കാലികമായി ചെവിക്ക് കേൾവിക്കുറവ് അനുഭവപ്പെടുകയും ചെയ്യും. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് നിരത്തിലെ ഹോണടികൾ.

മോട്ടോർ വാഹന നിയമം സെക്‌ഷൻ 194 എഫ് പ്രകാരം അനാവശ്യമായും തുടർച്ചയായും ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത് കുറ്റകരമാണ്. ഇതിനുപുറമെ, നോ ഹോൺ ബോർഡ് ഉള്ള സ്ഥലങ്ങളിൽ ഹോൺ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഈ നിയമലംഘനത്തിന് 1000 രൂപയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ ഇത് 2000 രൂപയാകും.”നിരത്തുകളിൽ ഹോൺ മുഴക്കം കൂടിയിട്ടുണ്ടെന്ന് പരാതി കിട്ടുന്നുണ്ട്. ശക്തമായ പരിശോധന തുടരും”എൽ.സുരേഷ് ബാബുട്രാഫിക് ഇൻസ്പെക്ടർ ഒഫ് പൊലീസ്.

webdesk14: