കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കെതിരെയുള്ള പരാതി ആരോഗ്യ വകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതക്ക് എതിരെ കണ്ണൂര്‍ ജില്ലാ ആസ്പത്രി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രതിഭ ഗവണ്‍മെന്റിന് നല്‍കിയ പരാതി ആരോഗ്യ വകുപ്പ് സെക്രട്ടറി നേരിട്ട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവായി.
കഴിഞ്ഞ ഏപ്രില്‍ 17 ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജിത്ത് കെടേരിയ്ക്ക് എതിരെ ഡോ. പ്രതിഭ കണ്ണൂര്‍ ഐ.ജി.ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ട് ഭീഷണി ഉണ്ടായതോടെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. മനുഷ്യാവകാശ കമ്മീഷന്‍ ഡിവൈ.എസ്. പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് എസ്.ഐക്ക് എതിരെ അന്വേഷണം നടത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചതോടെ കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഒരു ഉന്നതനേതാവ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്വാധീനിച്ച് എസ്.ഐക്ക് എതിരെയുള്ള പരാതി പിന്‍വലിക്കാന്‍ ശ്രമങ്ങളാരംഭിച്ചു.
പരാതി പിന്‍വലിച്ച് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടത് വനിതാ ഡോക്ടര്‍ നിരസിച്ചതോടെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ചില പ്രതികാര നടപടികള്‍ പുറപ്പെടുവിച്ച് വേട്ടയാടാന്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിരന്തര ഭീഷണി മാനസികമായി തളര്‍ത്തിയതോടെ ഡോ. പ്രതിഭ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധികാര ദുര്‍വിനിയോഗ ഇടപെടലിനെ തടയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് എതിരെ സര്‍ക്കാരിന് നല്‍കിയ പരാതി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തന്നെ അന്വേഷിക്കുവാന്‍ പരാതിക്കാരിക്ക് നോട്ടീസ് അയച്ചു. ഇതോടെയാണ് ഡോ. പ്രതിഭ കെ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ഷാജി പി. ചാലിയുടേതാണ് ഉത്തരവ്. ആരോഗ്യ ഡയറക്ടര്‍ക്കെതിരെയുള്ള പ്രതിഭയുടെ പരാതി ആരോഗ്യ വകുപ്പ് സെക്രട്ടറി നേരിട്ട് അന്വേഷിക്കണമെന്നും രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ആരോഗ്യ ഡയറക്ടര്‍ക്കെതിരെ പരാതി അന്വേഷിക്കണമെന്ന് ഹൈക്കോടതി
Tags: kerala high court