തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്താന്‍ ഇടതുമുന്നണി നടത്തിയ കുപ്രചരണങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് പാറ്റൂര്‍ കേസിലെ ഹൈക്കോടതി വിധി. രാഷ്ട്രീയ പ്രതിയോഗിയെ വേട്ടയാടാന്‍ അധികാര ദുര്‍വിനിയോഗത്തിന് ശ്രമിച്ച സര്‍ക്കാറിന്റെ മുഖത്തേറ്റ കനത്ത പ്രഹരം കൂടിയാണ് വിധി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ ഇടതുമുന്നണി നടത്തിയ പ്രചരണം നുണയാണെന്ന് ഇതോടെ തെളിഞ്ഞു. കേസ് സംബന്ധിച്ച വിജിലന്‍സിന്റെ എഫ്.ഐ.ആറാണ് കോടതി റദ്ദാക്കിയത്.
ആകെ അഞ്ച് പ്രതികളുള്ള കേസില്‍ നാലാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് ശരിവെച്ചിരിക്കുകയാണ്. പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് ഇടതുമുന്നണി നുണപ്രചരണം നടത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും വി.എസ് അച്യുതാനന്ദനും സര്‍ക്കാര്‍ ഭുമി മറിച്ചുവിറ്റുവെന്ന് വ്യാജപ്രചരണം നടത്തി. ഇക്കാര്യത്തില്‍ തെളിവില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ സി.പി.എമ്മിനും തിരിച്ചടിയാണ്.
കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. മുന്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ശ്രമിച്ചതായി കോടതി വിധിയോടെ വ്യക്തമായി. ജേക്കബ് തോമസിനെ പിന്തുണക്കുന്ന സമീപനമാണ് ഇടതുമുന്നണി അന്ന് സ്വീകരിച്ചത്. വിവാദ ഭൂമിയില്‍ ഇടതുമുന്നണി സമരം തുടങ്ങുകയും ചെയ്തു. ഇക്കാരണത്താല്‍ മാസങ്ങളോളം നിര്‍മാണം നിലച്ചു. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്താന്‍ കൂട്ടുനിന്നെന്നായിരുന്നു ഉമ്മന്‍ചാണ്ടിയും ഭരത്ഭൂഷണും ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ്. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഫഌറ്റ് കമ്പനിക്ക് കൂട്ടുനില്‍ക്കുകയും അതിനുവേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ കേസ്. വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ഇപ്പോള്‍ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരിക്കുകതാണ്.