X

തച്ചങ്കരിക്കെതിരായ ഹര്‍ജി: ഹൈക്കോടതിയില്‍ സര്‍ക്കാറിന് തിരിച്ചടി; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യം

കൊച്ചി: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങളെ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്.

സത്യവാങ്മൂലം സമപ്പിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകുന്നതെന്ന് ചോദിച്ച കോടതി, ജൂണ്‍ 28നകം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കണമെന്നും നിര്‍ദേശം നല്‍കി. ഡിവിഷന്‍ ബഞ്ച് ചോദിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 10 ദിവസത്തെ സാവകാശം തേടിയതാണ് കോടതിയുടെ അതൃപ്തിക്ക് ഇടായക്കിയത്. ജൂണ്‍ 28നാണ് ഇനി കേസ് പരിഗണിക്കുക.

തച്ചങ്കരിക്കെതിരെ വകുപ്പ് തല നടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും അന്വേഷണ ഘട്ടത്തില്‍ ഇരിക്കുന്നതായ കേസ് വിവരങ്ങളും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാനാണ് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
നിരവധി ആരോപണങ്ങളാണ് തച്ചങ്കരിക്കെതിരെയുള്ളത്, അങ്ങനെയൊരാളെ എന്തിന് സുപ്രധാന പദവിയില്‍ നിയമിച്ചതെന്ന് കോടതി ചോദിച്ചു.
കൂടാതെ സെന്‍കുമാര്‍ വിരമിക്കാന്‍ കാത്തുനില്‍ക്കുകയാണോ സര്‍ക്കാരെന്നും കോടതി ആരാഞ്ഞു.

തച്ചങ്കരിക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകളാണുള്ളതെന്ന ആരോപണങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹര്‍ജി പരിഗണിക്കവെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഒപ്പം, തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചതു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എന്ന ചോദ്യത്തിനും ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

സുപ്രീംകോടതി നിര്‍ദേശപ്രകാരം സെന്‍കുമാറിനെ പൊലീസ് തലപ്പത്തേക്ക് പുനര്‍ നിയമിക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് പൊലീസിന്റെ ഉന്നതതലത്തിലെ വന്‍ അഴിച്ചുപണി. കൂടാതെ നൂറിലേറെ ഡി.വൈ.എസ്.പിമാരെ സ്ഥലംമാറ്റുകയും ഉണ്ടായി. കൂട്ടസ്ഥലംമാറ്റം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കൂടാതെ കൈക്കൂലി ആരോപണത്തില്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

chandrika: