ജമ്മു കശ്മീര്‍ ഹൈക്കോടതി ഉള്‍പ്പടെ രാജ്യത്തെ അഞ്ച് ഹൈക്കോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസ്മാരെ നിയമിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തു. ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയെയാണ് അതേ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.
ബോംബൈ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി പി.ബി വരാലയെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും, ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്വന്ത് സിംഗിനെ അതെ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു. ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ.എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെ രാജസ്ഥാന്‍ ഹൈക്കോടതിയിലേക്ക് മാറ്റും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ച് അംഗ കൊളീജിയം സെപ്റ്റംബര്‍ 28ന് യോഗം ചേര്‍ന്നാണ് ശുപാര്‍ശ കേന്ദ്രത്തിന് കൈമാറിയത്.