കൊച്ചി: കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് പക്ഷത്തിന് നല്‍കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പി.ജെ ജോസഫിന്റെ ഹര്‍ജി യിലാണ് സ്റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തത്.
ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്‍ട്ടി രൂപീകരിച്ചതെന്നാണ് സിവില്‍ കോടതിയുടെ കണ്ടെത്തലെന്നും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണന്നും പി.ജെ ജോസഫ് ഹര്‍ജയില്‍ പറഞ്ഞു.
കമ്മീഷന്റെ തീരുമാനം തന്നെ ഏകകണ്ഠമല്ല. രണ്ടംഗങ്ങള്‍ ചിഹ്നം അനുവദിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഒരംഗം എതിര്‍ത്തെന്നും 450 അംഗ സംസ്ഥാന കമ്മിറ്റിയെ 305 ആയി പരിഗണിച്ച കമ്മീഷന്റെ നടപടി തെറ്റാണന്നും ഹര്‍ജിയില്‍പറയുന്നു.
ഇരുപക്ഷവും സമര്‍പ്പിച്ച പട്ടികയില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ തന്നെ സംസ്ഥാന കമ്മിറ്റിയുടെ മൊത്തം അംഗ സംഖ്യ കുറച്ച് പരിഗണിച്ചത് ശരിയായ നടപടിയല്ല .കമ്മീഷന് ഇതിന് അധികാരമില്ലന്നുംകമ്മീഷന്‍ പരിധി വിട്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.