സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഉത്തരവിലാണ് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെ കയറഴിച്ചുവിടുംപോലെയാകും ഇത്തരം നിയമനമെന്ന് കോടതി പറഞ്ഞു.
ആശ്രിത നിയമനം പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്കുപോലും നല്‍കുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി വിമര്‍ശിച്ചു.
പിന്‍വാതിലിലൂടെ ചിലര്‍ നിയമിക്കപ്പെടുമെന്നും യോഗ്യതയുളളവര്‍ അവസരത്തിനായി കാത്തു നില്‍ക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. ഇത് സാമൂഹിക വിവേചനത്തിനും മറ്റും കാരണമാകുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
ആശ്രിത നിയമനമെന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ മരണപെട്ടാല്‍ അവരുടെ കുടുംബത്തിന് സഹായം നല്‍കാന്‍ വേണ്ടിയാണെന്നും ഇത്തരം നിയമനം എംഎല്‍എമാരുടെ മക്കള്‍ക്കോ കുടുംബക്കാര്‍ക്കോ നല്‍കാന്‍ കേരള സര്‍വീസ് ചട്ടം അനുവദിക്കുന്നില്ലെന്നും കോടതി ഓര്‍മപ്പെടുത്തി.