ചണ്ഡിഗഢ് : ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യയ്ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ വിചിത്ര വിധി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബല്‍ജീത്ത് കൗര്‍ എന്ന സ്ത്രീയുടെ പരാതിയിലാണ് കോടതിയുടെ ഈ ഉത്തരവ്. 2008ലാണ് ബല്‍ജീത്ത് കൗറിന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ഭര്‍ത്താവ് മരിക്കുന്നത്.
2009ല്‍ ഈ മരണം ഒരു കൊലപാതകം ആയിരുന്നെന്ന് പൊലീസ് കണ്ടെത്തുകയും കേസില്‍ ഭാര്യ അറസ്റ്റിലാവുകയും ചെയ്തു. 2011മുതല്‍ ഈ കേസില്‍ ഇവര്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇതോടെ ഇവര്‍ക്ക് ഭര്‍ത്താവിന്റെ കുടുംബപെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. ഇതിനെതിരെയാണ് ഭാര്യ കോടതിയില്‍ എത്തിയത്. പൊന്മുട്ടയിടുന്ന താറാവിനെ ആരും കശാപ്പ് ചെയ്യാറില്ലെന്നും ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും കുടുംബ പെന്‍ഷന്‍ നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന് ഒരു സഹായമായിട്ടാണ് കുടുംബ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും ഭാര്യ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാലും കുടുംബ പെന്‍ഷന്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം മുഴുവന്‍ തുകയും നല്‍കണമെന്ന് കോടതി വ്യക്തമാക്കി.