കൊച്ചി: മഴയല്ല റോഡ് തകരാന്‍ കാരണമെന്ന് കേരള ഹൈക്കോടതി. മികച്ച രീതിയില്‍ റോഡുകള്‍ പണിയാനാകുമെന്നും പാലക്കാട് ഒറ്റപ്പാലം റോഡ് ഇതിന് ഉദാഹരണമാണെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കി. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവുമില്ല. ആ റോഡ് നിര്‍മിച്ച മലേഷ്യന്‍ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മഴയാണ് റോഡുകള്‍ തകരാനുള്ള കാരണമെന്ന് പറയാനാകില്ല. നന്നായി റോഡുകള്‍ പണിയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് എഞ്ചിനീയറെന്നും കോടതി ആരാഞ്ഞു. കിഴക്കമ്പലം നെല്ലാട് റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു മുന്‍ എം.എല്‍.എ വി പി സജീന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണമുണ്ടായത്. കിഴക്കമ്പലം മൂതല്‍ നെല്ലാട് വരെയുള്ള 14 കിലോമീറ്റര്‍ വരുന്ന റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു കരാറുകാരന്‍ തയ്യാറാവുന്നില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. റോഡ് പണിക്ക് നൂറു രൂപ നീക്കിവച്ചാല്‍ അതിന്റെ പകുതി പണമെങ്കിലും നിര്‍മാണത്തിനു ഉപയോഗിക്കണമെന്നും എഞ്ചിനീയര്‍മാര്‍ അറിയാതെ ഒരു അഴിമതിയും നടക്കില്ലെന്നും കോടതി പറഞ്ഞു.
റോഡ് തകരാന്‍ കാരണം മഴയല്ലെന്ന് ഹൈക്കോടതി
Related Post